തിരുവനന്തപുരം: പി.ജി ഡോക്ടർമാരുടെ സമരത്തിന് നേരെ കൈക്കൊണ്ട നിഷേധാത്മക നിലപാടിൽ മാറ്റംവരുത്തി സർക്കാർ. പി.ജി ഡോക്ടര്‍മാരുമായി നാളെ ചർച്ചക്ക് തയ്യാറാണെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. പി.ജി ഡോക്ടർമാരുടെ സമരത്തിൽ സർക്കാറിന് ഇനിയൊന്നും ചെയ്യാനില്ലെന്നായിരുന്നു മന്ത്രി നേരത്തെ പറഞ്ഞിരുന്നത്. മെഡിക്കൽ കോളജുകളുടെ താളംതെറ്റിച്ച് ഡോക്ടർമാരുടെ സമരം തുടരുന്നതിനിടയിലാണ് സര്‍ക്കാര്‍ പി.ജി ഡോക്ടര്‍മാരെ ചര്‍ച്ചക്ക് വിളിച്ചത്.
പി.ജി ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഹൌസ് സര്‍ജന്‍മാരും പണിമുടക്കുകയാണ്. സമരത്തെത്തുടര്‍ന്ന് നേരത്തെ നിശ്ചയിച്ച ഓപ്പറേഷനുകൾ മാറ്റിയിരുന്നു. മെഡിക്കല്‍ കോളജ് അധ്യാപക സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തുണ്ട്. സമരം നടത്തുന്ന പി.ജി ഡോക്ടര്‍മാര്‍ ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാര്‍ച്ച് നടത്തി. പി.ജി ഡോക്ടർമാരുടെ പ്രധാന ആവശ്യം പരിഹരിച്ചതാണെന്നായിരുന്നു ആരോഗ്യമന്ത്രി വീണ ജോർജ് നേരത്തെ പറഞ്ഞത്. പി.ജി ഡോക്ടർമാരെ ചർച്ചക്ക് വിളിക്കാതെ സമരത്തിലുള്ള ഹൗസ് സർജന്മാരെ ചർച്ചക്ക് വിളിക്കുകയും ചെയ്തിരുന്നു.