ചെറുതോണി: ഇടുക്കി ചെറുതോണി അണക്കെട്ടുകള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ സന്ദര്‍ശനാനുമതി ലഭിച്ചു. ശനിയാഴ്ച 650 സന്ദര്‍ശകര്‍ ഇടുക്കിയിലെത്തിയിരുന്നു. അണക്കെട്ടുകളില്‍ ക്രമാതീതമായി വെള്ളമുയരുകയും മഴ കനക്കുകയും ചെയ്തതോടെ രണ്ടുമാസത്തിലധികമായി സന്ദര്‍ശനം നിർത്തി വെച്ചിരിക്കുകയായിരുന്നു. നിറഞ്ഞുകിടക്കുന്ന അണക്കെട്ട് കാണാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിരവധിയാളുകള്‍ എത്തിയിരുന്നു. പാസ് ലഭിക്കാത്തതിനാല്‍ നിരാശരായി സന്ദര്‍ശകര്‍ മടങ്ങുകയായിരുന്നു. വനംവകുപ്പ് നേതൃത്വത്തിലെ ബോട്ടിങ്ങും ഹില്‍വ്യൂ പാര്‍ക്കിലേക്ക് പ്രവേശനവും ആരംഭിച്ചതോടെ ഇടുക്കിയിലേക്ക് കൂടുതലാളുകള്‍ എത്തിത്തുടങ്ങി.
ക്രിസ്മസ് പുതുവത്സരം പ്രമാണിച്ച് എല്ലാ ദിവസവും സന്ദര്‍ശനാനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപനസമിതി ചെറുതോണി യൂനിറ്റ് പ്രസിഡൻറ് ജോസ് കുഴികണ്ടം മന്ത്രി റോഷി അഗസ്റ്റ്യനും വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിക്കും നിവേദനം നല്‍കി. ശനിയാഴ്ച ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2399.72 അടിയാണ്. ഇടുക്കിയില്‍ ഇപ്പോള്‍ ബ്ലൂ അലര്‍ട്ടാണ്. മഴമാറി മാനം തെളിഞ്ഞതോടെ ഇടുക്കിയിലേക്ക് കൂടുതല്‍ സന്ദര്‍ശകരെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഹൈഡല്‍ ടൂറിസം ഉദ്യോഗസ്ഥര്‍ പറഞ്ഞു.
			











                