കൊച്ചി: വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ചശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിക്കെതിരെ പട്ടികവിഭാഗക്കാർക്കെതിരെയുള്ള അതിക്രമം തടയൽ നിയമപ്രകാരവും കേസെടുക്കണമെന്ന ആവശ്യം വിചാരണക്കോടതിയിൽ ഉന്നയിക്കാൻ ഹൈക്കോടതി നിർദേശം നൽകി. ഈ ആവശ്യം ഉന്നയിച്ചു നേരത്തെ നൽകിയ ഹർജി സിംഗിൾ ബെഞ്ച് തള്ളിയതിനെ തുടർന്നു പെൺകുട്ടിയുടെ പിതാവ് നൽകിയ അപ്പീലിലാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയത്. വിഷയത്തിൽ ഉചിതമായ തീരുമാനമെടുക്കേണ്ടതു സെഷൻസ് കോടതിയാണെന്ന് അഭിപ്രായപ്പെട്ട ഡിവിഷൻ ബെഞ്ച്, സിംഗിൾ ബെഞ്ചിന്റെ നിരീക്ഷണങ്ങൾ നീക്കം െചയ്തു.
പ്രതിക്കെതിരെ നിയമപ്രകാരമുള്ള കുറ്റം ചുമത്തണമെന്ന ആവശ്യവുമായി ഹർജിക്കാരന് സെഷൻസ് കോടതി ജഡ്‌ജിയെ സമീപിക്കാം. ഇരുവിഭാഗത്തിന്റെയും വാദം കേട്ട് ചുമത്തിയ കുറ്റങ്ങളിൽ മാറ്റം വരുത്തണോയെന്നു സെഷൻസ് കോടതി തീരുമാനിക്കണം. 9ന് തുടങ്ങുന്ന വിചാരണ മാറ്റിവയ്ക്കണമെന്ന് ഇതിനർത്ഥമില്ലെന്നു ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. പ്രതിയായ അർജുൻ ക്രിസ്ത്യൻ വിഭാഗക്കാരനാണെന്നായിരുന്നു ഹർജിയിലെ വാദം. പട്ടിക വിഭാഗത്തിൽപ്പെട്ടയാളാണെന്ന രേഖകളുണ്ടാക്കി പട്ടികവിഭാഗക്കാർക്കെതിരെ അതിക്രമം തടയൽ നിയമത്തിൽ നിന്ന് മനഃപൂർവം ഒഴിവാക്കുകയാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഹാജരാക്കിയ രേഖകൾ അർജുൻ പട്ടികവിഭാഗത്തിൽപ്പെട്ടയാളാണെന്നു വ്യക്തമാക്കുന്നതാണെന്നാണു സിംഗിൾ ബെഞ്ച് വിലയിരുത്തിയത്.ജൂൺ 30നാണ് വണ്ടിപ്പെരിയാറിലെ എസ്റ്റേറ്റ് ലയത്തിൽ പെൺകുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്രതി പട്ടികവിഭാഗക്കാരനാണെന്ന് അന്വേഷണത്തിൽ ബോധ്യമായെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചിരുന്നു.