ആലപ്പുഴ : എസ്‍ഡിപിഐ നേതാവ് ഷാൻ വധക്കേസിൽ ഭൂരിപക്ഷം പ്രതികളും അറസ്റ്റിലായിട്ടും ബിജെപി നേതാവ് രൺജീത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളെ പിടികൂടാനാവാതെ പോലീസ്. രൺജീത് വധത്തിൽ പ്രതികളെ സഹായിച്ചതിനും തെളിവു നശിപ്പിച്ചതിനുമാണ് അഞ്ചു പേരെ പിടികൂടിയിരിക്കുന്നത്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളികളായവരെ പിടികൂടാനായിട്ടില്ല. പ്രതികളാരെല്ലാമെന്ന് തിരിച്ചറിഞ്ഞതായി പറയുമ്പോഴും ഇവർ എവിടെയെന്ന കാര്യത്തിൽ വ്യക്തത വരുത്താൻ പോലീസിനായിട്ടില്ല. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ അന്വേഷണസംഘം തെരച്ചിൽ നടത്തുന്നുണ്ട്.
റെയ്ഡുകളും പരിശോധനകളും നടത്തുന്നതും സംശയമുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതും തുടരുകയാണ്. വൈകാതെ മുഴുവൻ പ്രതികളും പിടിയിലാകുമെന്ന പ്രതീക്ഷയാണ് അന്വേഷണ സംഘത്തിനുള്ളത്. രൺജീത് വധത്തിൽ 12 പ്രതികളാണ് ഉള്ളതെന്ന് ആദ്യം കരുതിയിരുന്നതെങ്കിലും എണ്ണം കൂടാനുള്ള സാധ്യതയുണ്ടെന്ന് പോലീസ് പറയുന്നു. ഷാൻ വധക്കേസിൽ 14 പേരാണ് ഇതുവരെ പിടിയിലായത്. ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഏതാനും പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വയലാറിലെ ആര്‍എസ്എസ് പ്രവർത്തകൻ നന്ദുവിന്റെ കൊലപാതകത്തിന്റെ പ്രതികാരമായാണ് എസ്‍ഡിപിഐ നേതാവ് ഷാനെ വധിച്ചതെന്നാണ് പോലീസിന്റെ റിമാൻഡ് റിപ്പോർട്ട്.