കൊല്ലം: മങ്കിപോക്സ് രോഗിയുടെ പേരില്‍ കൊല്ലം ഡിഎംഒ ഓഫിസ് ആദ്യം പുറത്തു വിട്ട റൂട്ട് മാപ്പ് തെറ്റ്. പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ രോഗിയെ പ്രവേശിപ്പിച്ചെന്നായിരുന്നു വിശദീകരണം. എന്നാൽ രോഗി ചികിത്സയിലുള്ളത് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്.
രാജ്യത്തെ ആദ്യ മങ്കിപോക്സ് കേസാണു കഴിഞ്ഞദിവസം കേരളത്തിൽ സ്ഥിരീകരിച്ചത്. ഈമാസം ഒൻപതിന് അബുദാബിയിൽനിന്നെത്തിയ കൊല്ലം ജില്ലക്കാരനാണ് രോഗി (35). തിരുവനന്തപുരം ഗവ.മെഡിക്കൽ കോളജിലെ ഐസലേഷൻ വാർഡിലുള്ള ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നു ഡോക്ടർമാർ അറിയിച്ചു.
എന്നാൽ രോഗിയുമായി അടുത്തിടപെട്ട രണ്ടുപേരെ ഇനിയും കണ്ടെത്താനായിട്ടില്ല. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലാണ് ഇദ്ദേഹം ആദ്യം എത്തിയത്. മങ്കിപോക്സ് ആണെന്നു സംശയം പറഞ്ഞതിനെത്തുടർന്നു പാരിപ്പള്ളി ആശുപത്രിയിലേക്ക് അയയ്ക്കുകയും അവിടെ പ്രവേശിപ്പിക്കുകയും ചെയ്തെന്നും നേരത്തേ അറിയിച്ചു. എന്നാൽ, പാരിപ്പള്ളിയിൽ രോഗി എത്തിയിട്ടില്ലെന്നാണ് അധികൃതർ ഇപ്പോൾ പറയുന്നത്.
മങ്കിപോക്സ് സംശയം രോഗിതന്നെ ഉന്നയിച്ചിട്ടും ആംബുലൻസ് വിട്ടുനൽകാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോഴാണ്, ഇദ്ദേഹം പാരിപ്പള്ളിയിൽ ചികിത്സ തേടിയിട്ടില്ലെന്നു ഡിഎംഒ ബിന്ദു മോഹൻ ഉൾപ്പെടെയുള്ളവർ അറിയിച്ചത്. രോഗി ആദ്യം ആശുപത്രിയിൽ വന്ന ഓട്ടോറിക്ഷയുടെയും പിന്നീടു തീരുവനന്തപുരത്തേക്കു പോയ ടാക്സി കാറിന്റെയും ഡ്രൈവർമാരെയും കണ്ടെത്താനായിട്ടില്ല. സ്വകാര്യ ആശുപത്രി വിവരം അറിയിച്ചില്ലെന്നും അധികൃതർ ആരോപിച്ചു.
അബുദാബിയിൽ മങ്കിപോക്സ് സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കമുണ്ടായ യുവാവ് ചെറിയ ലക്ഷണങ്ങളുള്ളപ്പോഴാണ് നാട്ടിലേക്കു മടങ്ങിയത്. മാതാപിതാക്കളും ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ഇവർക്കു രോഗലക്ഷണമില്ല. അതേസമയം, മങ്കിപോക്സ് രോഗത്തില്‍ അഞ്ചു ജില്ലകളിൽ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം.