ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. 3 വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സ് എന്ന നിലയില്‍ നിന്ന് ഇന്ത്യ 327 റണ്‍സിന് ഓള്‍ഔട്ടായി. ആദ്യ ദിവസത്തെ സ്‌കോറിനോട് 55 റണ്‍സ് മാത്രമേ ഇന്ത്യക്ക് കൂട്ടിച്ചേര്‍ക്കാനായുള്ളൂ. 6 വിക്കറ്റ് വീഴ്ത്തിയ ലുങ്കിസാനി എങ്കിഡിയാണ് ഇന്ത്യയെ തകര്‍ത്തത്. ഓപ്പണര്‍ കെഎല്‍ രാഹുല്‍ 123 റണ്‍സെടുത്ത് ഇന്ത്യയുടെ ടോപ്പ് സ്‌കോററായി. മായന്‍ അഗര്‍വാള്‍ (60), അജിങ്ക്യ രഹാനെ (48), വിരാട് കോലി (35) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍. ഇന്ത്യന്‍ നിരയില്‍ 6 പേര്‍ ഒറ്റയക്കത്തിനു പുറത്തായി.
ആദ്യ ദിവസത്തെ സ്‌കോറിനോട് 6 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും ഇന്ത്യക്ക് രാഹുലിനെ നഷ്ടമായി. ഏറെ വൈകാതെ രഹാനെയും മടങ്ങി. പിന്നീട് ഒരു തകര്‍ച്ചയായിരുന്നു. ഋഷഭ് പന്ത് (8), ആര്‍ അശ്വിന്‍ (4), ശര്‍ദ്ദുല്‍ താക്കൂര്‍ (4), മുഹമ്മദ് ഷമി (8), ജസ്പ്രീത് ബുംറ (14) എന്നിവര്‍ വേഗം പുറത്തായി. മുഹമ്മദ് സിറാജ് (4) പുറത്താവാതെ നിന്നു. മറുപടി ബാറ്റിംഗില്‍ ഡീന്‍ എല്‍ഗറിനെ (1) ബുംറ ആദ്യ ഓവറില്‍ തന്നെ മടക്കിയെങ്കിലും എയ്ഡന്‍ മാര്‍ക്രം-കീഗന്‍ പീറ്റേഴ്‌സണ്‍ കൂട്ടുകെട്ട് ക്രീസില്‍ ഉറച്ചു. ഉച്ചഭക്ഷണത്തിനു പിരിയുമ്പോള്‍ ദക്ഷിണാഫ്രിക്ക ഒരു വിക്കറ്റ് നഷ്ടത്തില്‍ 21 റണ്‍സെന്ന നിലയിലാണ്. മാര്‍ക്രം (9), പീറ്റേഴ്‌സണ്‍ (11) എന്നിവര്‍ ക്രീസില്‍ തുടരുകയാണ്.