ലണ്ടൻ: മദ്യപിക്കുന്നതും അതൊരു ശീലമാകുന്നതും അവരെ ഡി അഡിക്ഷൻ സെന്ററിലാക്കുന്നതും സാധാരണമാണ്. പക്ഷെ ഇവിടെ ഒരു നായയെ മദ്യപാനത്തിൽ നിന്നും മുക്തനാക്കാൻ ഡി അഡിക്ഷൻ സെന്ററിലാക്കിയിരിക്കുകയാണ്. ബ്രിട്ടനിലാണ് സംഭവം.രണ്ടുവയസുള്ള ലാബ്രഡോർ ക്രോസ് ഇനത്തിൽപ്പെട്ട കൊക്കോ എന്നുപേരുള്ള നായയെയാണ് ചികിത്സക്കായി എത്തിച്ചത്. നായയുടെ ഉടമസ്ഥൻ പെട്ടന്ന് മരിച്ചതിന് പിന്നാലെയാണ് ഡവോണിലെ പ്ലിംപ്ടണിലുള്ള വുഡ്സൈഡ് അനിമൽ റെസ്‌ക്യൂ ട്രസ്റ്റ് അദ്ദഹത്തിന്‍റെ രണ്ട് നായകളെ ഏറ്റെടുത്തത്. പിന്നീടാണ് അവർക്ക് മദ്യപാന ശീലമുണ്ടെന്ന് മനസിലാക്കിയത്. പെട്ടന്ന് തന്നെ കോക്കോയുടെ കൂടെയുണ്ടായിരുന്ന നായ ചത്തു.
കോക്കോയുടെ ഉടമസ്ഥൻ എല്ലാ ദിവസവും രാത്രി ഉറങ്ങുന്നതിന് മുമ്പ് സ്ഥിരമായി മദ്യപിക്കുമായിരുന്നു. മദ്യപാനത്തിന് ശേഷം ഗ്ലാസിൽ മദ്യം ബാക്കി വെച്ച് അദ്ദേഹം ഉറങ്ങും. ബാക്കിവന്ന മദ്യം കുടിച്ചാണ് കോക്കോയും കൂടെയുണ്ടായ നായയും മദ്യപാനശീലം തുടങ്ങുന്നത്. പിന്നീടത് സ്ഥിരമായി മാറുകയായിരുന്നു.
തുടർന്നാണ് കൊക്കോയെ ഡിഅഡിക്ഷൻ സെന്ററിലാക്കിയത്. മദ്യാസക്തി കുറക്കാനായി നാലാഴ്ചയോളം നായയെ മയക്കിക്കിടത്തി. തുടർന്ന് നടത്തിയ ചികിത്സകള്‍ ഫലം ചെയ്തു. ഇപ്പോൾ ഒരു സാധാരണ നായയെപ്പോലെ പെരുമാറാൻ തുടങ്ങിയിരിക്കുകയാണെന്നും കൊക്കോ എല്ലാ മരുന്നുകളും നിർത്തിയെന്നും ആനിമൽ ട്രസ്റ്റ് സോഷ്യൽമീഡിയയിൽ കുറിച്ചു.