ദില്ലി : പൗരത്വ നിയമം നടപ്പാക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. പൗരത്വ നിയമം വളരെ വേഗത്തിൽ രാജ്യത്ത് യാഥാത്ഥ്യമാക്കും. പദ്ധതി നടപ്പാക്കുന്നതിൽ നിന്നും കേന്ദ്ര സർക്കാർ പിന്നോട്ട് പോകില്ല. ബംഗാളിൽ മമ്ത ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി അദ്ദേഹം രംഗത്തെത്തി. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് അമിത് ഷാ വീണ്ടും ബംഗാളിലെത്തിയത്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബംഗാളിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ യാത്രയാണിത്. ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാൻ പിടിച്ചത് അമിത് ഷായായിരുന്നു. ബംഗാളിൽ നേരിട്ടെത്തി ദിവസങ്ങളോളം ചെലവിട്ട് പ്രചാരണം നടത്തിയിട്ടും ബി.ജെ.പിക്ക് ബംഗാളിൽ പിടിച്ചുനിൽക്കാൻ ആയില്ല. ബംഗാളിലെ തോൽവി പാർട്ടിക്കുള്ളിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുകയും തർക്കങ്ങൾക്ക് കാരണമാവുകയും ചെയ്തിരുന്നു.
അതേസമയം നിയമം നടപ്പാക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്നും പ്രതിപക്ഷം തെറ്റായ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘പൗരത്വ ഭേദഗതി നിയമത്തിന്റെ കാര്യത്തിൽ പിന്നോട്ടില്ല. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ മുസ്ലിം ഇതര ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതിന് സൗകര്യമൊരുക്കുന്ന സിഎഎ 2019 ഡിസംബർ 11 ന് പാർലമെന്റ് പാസ്സാക്കുകയും അടുത്ത ദിവസം തന്നെ രാഷ്ട്രപതിയുടെ അനുമതി ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ സിഎഎയ്ക്ക് (CAA) കീഴിലുള്ള നിയമങ്ങൾ ഇതുവരെ രൂപപ്പെടുത്തിയിട്ടില്ലാതിനാൽ നിയമം ഇതുവരെ നടപ്പാക്കിയിട്ടില്ല.
പുതിയ നിയമം കൊണ്ട് ആർക്കും നീതി ലഭിക്കാതിരിക്കില്ല. എല്ലാവർക്കുമൊപ്പം എല്ലാവർക്കും വികസനമെന്നതാണ് മോദി സർക്കാരിന്റെ നയം. പാകിസ്താനിലും ബംഗ്ലാദേശിലും അഫ്ഗാനിസ്ഥാനിലും വേട്ടയാടലിന് ഇരയായ ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകുക എന്നതുമാത്രമാണ് ഈ നിയമത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.