ന്യൂഡൽഹി: കേരളത്തിലെ ഉന്നത വിദ്യാഭ്യാസം ചെയ്യുന്ന വിദ്യാർഥികൾക്ക് ഫുൾ ബ്രൈറ്റ് നെഹ്റു, ഫുൾബ്രൈറ്റ് കലാം, ഇതര ഫുൾബ്രൈറ്റ് സ്കോളർഷിപ്പുകളെയും തയാറെടുപ്പുകളെയും സംബന്ധിച്ച് വിശദീകരിക്കുന്നതിന് ഏപ്രിൽ മൂന്നിന് കോട്ടയം മഹാത്മ ഗാന്ധി സർവകലാശാല കാമ്പസിൽ ശിൽപശാല സംഘടിപ്പിക്കുന്നു.
ഇന്ത്യയിലെ സമർഥരായ വിദ്യാർഥികൾക്ക് യു.എസിലെ കോളജുകളിലും യൂണിവേഴ്സിറ്റികളിലും കല, സംസ്കാരം, മ്യൂസിയം, ഇക്കണോമിക്സ്, ജേർണലിസം, പബ്ലിക് ഹെൽത്ത്, ഇന്റർനാഷണൽ റിലേഷൻസ് തുടങ്ങിയ വിഷയങ്ങളിലും ഇന്ത്യയിലെയും യുഎസിലെയും കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചു ബിരുദാനന്തര ബിരുദം ചെയ്യുന്നതിനുള്ള ഫെലോഷിപ്പുകളാണ് യഥാക്രമം ഫുൾബ്രൈറ്റ് നെഹ്രു, ഫുൾബ്രൈറ്റ് കലാം ഫെലോഷിപ്പുകൾ.
കേരളത്തിൽ നിന്ന് ഈ വർഷം ഫുൾ ബ്രൈറ്റ് സ്കോളർഷിപ്പിന് അപേക്ഷിക്കുന്നവരെ പങ്കെടുപ്പിക്കുന്നതിന് യു.എസ് എംബസി താൽപര്യപ്പെട്ടിട്ടുണ്ടെന്നും ഫുൾ ബ്രൈറ്റ് അപേക്ഷകർ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും സർക്കാറിന്‍റെ ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (വിദേശകാര്യം) വേണു രാജാമണി അറിയിച്ചു.
യു.എസ് ഇന്ത്യ എജ്യുക്കേഷണൽ ഫൗണ്ടേഷന്റേയും മഹാത്മ ഗാന്ധി സർവകലാശാലയുടെയും സംയുക്താഭിമുഖ്യത്തിൽ രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 1.30 വരെയാണ് ശിൽപശാല. സ്ഥലം: സർവകലാശാല ലൈബ്രറിയുടെ പിന്നിലുള്ള ഐ.ഐ.ആർ.ബി.എസ് കോൺഫറൻസ് ഹാൾ. പങ്കെടുക്കാൻ താൽപര്യമുള്ള ഫുൾബ്രൈറ്റ് അപേക്ഷകർ http://bit.ly/40uXXGXൽ രജിസ്റ്റർ ചെയ്യുക. രജിസ്ട്രേഷൻ സൗജന്യമാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്കായിരിക്കും മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് [email protected]