തിരുവനന്തപുരം : സമയബന്ധിതമായി പിഎസ്‍സി നിയമനം നടത്താൻ ശാസ്ത്രീയ സംവിധാനം ഒരുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പിഎസ്‍സി എംപ്ലോയീസ് യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരാൾ വിരമിക്കുന്നത് എപ്പോഴാണെന്നു സർവീസിൽ ചേരുമ്പോൾ തന്നെ അറിയാം. കൃത്യമായ സംവിധാനമുണ്ടെങ്കിൽ വകുപ്പുകളിൽ നിന്ന് ഒഴിവ് റിപ്പോർട്ട് ചെയ്ത ശേഷം അപേക്ഷ വിളിക്കുന്ന രീതി ഒഴിവാക്കാം. അതിനുള്ള സംവിധാനം ഒരുക്കും. ഇതോടെ ഓരോ വർഷവും പിരിയുന്നവരുടെ എണ്ണത്തിന് അനുസരിച്ചു നിയമനം നടത്താൻ പിഎസ്‍സിക്കു കഴിയും. കഴിഞ്ഞ 6 വർഷം 2 ലക്ഷത്തോളം നിയമന ഉത്തരവാണ് പിഎസ്‍സി നൽകിയത്. 30,000 അധിക തസ്തികയും സൃഷ്ടിച്ചു.
സംസ്ഥാനങ്ങളുടെ അധികാരം കവരുന്ന കേന്ദ്രം, ഫെഡറലിസത്തിന്റെ ചുവട്ടിൽ കത്തി വയ്ക്കുകയാണ്. സംസ്ഥാനത്തിനു ഭരണഘടന ഉറപ്പ് നൽകുന്ന അധികാരങ്ങളിൽ ഏകപക്ഷീയ കടന്നുകയറ്റം ഉണ്ടാകുന്നു. പരിമിത അധികാരങ്ങൾ പോലും ഇല്ലാതാക്കാനാണ് ശ്രമം. സംസ്ഥാനത്തിനു മേൽ സാമ്പത്തിക സമ്മർദം സൃഷ്ടിക്കാൻ ശ്രമം ഉണ്ട്. റവന്യു ഗ്രാന്റിൽ 7,000 കോടിയുടെ കുറവുണ്ടായി. 12,000 കോടിയാണ് ജിഎസ്ടി കുടിശിക. വായ്പാ പരിധിയും വെട്ടിക്കുറയ്ക്കുന്നു. കിഫ്ബി പോലുള്ള സ്ഥാപനങ്ങളിലൂടെ നാടിന് സഹായം ഉണ്ടാകരുതെന്ന നിലപാടും കേന്ദ്രം സ്വീകരിക്കുന്നു. സാമ്പത്തികമായി ഞെരുക്കി ഇല്ലാതാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
സംസ്ഥാന പ്രസിഡന്റ് കെ.സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. എഫ്‌എസ്‌ഇടിഒ പ്രസിഡന്റ് എൻ.ടി.ശിവരാജൻ, കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെന്റ് എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് ജനറൽ സെക്രട്ടറി വി.ശ്രീകുമാർ, പിഎസ്‌സി എൽഡേഴ്സ് ഫോറം മുൻ ജനറൽ സെക്രട്ടറി എൻ.രാധാകൃഷ്ണൻ നായർ, ജനറൽ സെക്രട്ടറി ബി.ജയകുമാർ, സെക്രട്ടറി ബി.ബിജു എന്നിവർ പ്രസംഗിച്ചു.