തിരുവനന്തപുരം: സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കൺസ്യൂമർ ഫെഡ് മുഖേന സംഘടിപ്പിക്കുന്ന വിഷു, ഈസ്റ്റർ, റമദാൻ സഹകരണ വിപണികൾ ഏപ്രിൽ 12ന് ആരംഭിക്കും. ഏപ്രിൽ 18 വരെ ഇവ പ്രവർത്തിക്കും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 11ന് വൈകീട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
778 വിപണന കേന്ദ്രങ്ങളാകും പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് പ്രവർത്തിക്കുക. ഇവിടങ്ങളിലൂടെ 13 ഇനം നിത്യോപയോഗ സാധനങ്ങൾ സിവിൽ സപ്ലൈസ് കോർപറേഷന്റെ സബ്സിഡി നിരക്കിൽ പൊതുജനങ്ങൾക്ക് ലഭിക്കും. മറ്റ് അവശ്യ നിത്യോപയോഗ സാധനങ്ങളും കോസ്‌മെറ്റിക്‌സ്, ഹൗസ് ഹോൾഡ് ഉൽപന്നങ്ങളും പൊതുമാർക്കറ്റിനെക്കാൾ 15 ശതമാനം മുതൽ 30 ശതമാനം വരെ വിലക്കുറവിൽ വിൽപന നടത്താനാവശ്യമായ സ്റ്റോക്ക് കൺസ്യൂമർ ഫെഡ് ശേഖരിച്ചിട്ടുണ്ട്.
ഓരോ കുടുംബത്തിനും അഞ്ച് കിലോ അരി, രണ്ട് കിലോ പച്ചരി, ഒരു കിലോ പഞ്ചസാര, 500 ഗ്രാം വീതം വെളിച്ചെണ്ണ, ചെറുപയർ, കടല, ഉഴുന്ന്, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി എന്നിങ്ങനെയാകും നൽകുക. ജില്ലതലത്തിൽ വിപണന കേന്ദങ്ങളെ തെരഞ്ഞെടുത്ത് ജില്ലതല ഉദ്ഘാടനങ്ങളും സംഘടിപ്പിക്കും. സംസ്ഥാനതല ചന്തയിൽ പ്രതിദിനം 200 പേർക്കും ജില്ലതല ചന്തകളിൽ 100 പേർക്കും മറ്റ് വിപണന കേന്ദ്രങ്ങളിൽ 75 പേർക്കും വീതം വിതരണം നടത്തുന്നതിനാവശ്യമായ സാധനങ്ങൾ ഓരോ വിപണിക്കും നൽകും.
വില നിലവാരം
ജയ അരി കിലോ 25 രൂപ
കുറുവ അരി കിലോ 25 രൂപ
കുത്തരി കിലോ 24 രൂപ
പച്ചരി കിലോ 23 രൂപ
പഞ്ചസാര കിലോ 22 രൂപ
വെളിച്ചെണ്ണ കിലോ 92 രൂപ
ചെറുപയർ കിലോ 74 രൂപ
വൻകടല കിലോ 43 രൂപ
ഉഴുന്ന് ബാൾ കിലോ 66 രൂപ
വൻപയർ കിലോ 45 രൂപ
തുവരപരിപ്പ് കിലോ 65 രൂപ
മുളക് ഗുണ്ടൂർ കിലോ 75 രൂപ
മല്ലി കിലോ 79 രൂപ