കൊൽക്കത്ത > പശ്ചിമ ബംഗാളിൽ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ 50 ദിവസം നീണ്ടുനിന്ന കാൽനട പ്രചാരണ ജാഥയ്‌ക്ക് (ഇൻസാഫ് യാത്ര) ഞായറാഴ്‌ച കൊൽക്കത്ത ബ്രിഗേഡ് പരേഡ് മൈതാനിൽ ഉജ്ജ്വല സമാപനം. എല്ലാവർക്കും തൊഴിലും വിദ്യാഭ്യാസവും ഉറപ്പു വരുത്തുക, അഴിമതിയും വർഗീയ വിദ്വേഷവും തുടച്ചു മാറ്റുക, സാധാരണക്കാരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് ഡിവൈഎഫ്‌ഐ പശ്ചിമ ബംഗാൾ സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നവംബർ മൂന്നിനാണ് കൂച്ച് ബിഹാറിൽ നിന്നും യാത്ര ആരംഭിച്ചത്. ജാഥയുടെ സമാപന റാലിയിൽ ഒരുലക്ഷത്തോളം യുവജനങ്ങൾ അണിനിരന്നു. സംസ്ഥാനത്തെ 22 ജില്ലയിൽക്കൂടി 2400ഓളം കിലോമീറ്റർ സഞ്ചരിച്ച് ഡിസംബർ 23ന് ജാദവ്‌പുരിലാണ് യാത്ര പൂർത്തിയായത്. ബിജെപിയുടെ അക്രമ രാഷ്ട്രീയത്തെയും അഴിമതിയേയും എതിർക്കാനും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിച്ച് ജനകീയ പ്രശ്‌നങ്ങൾ ഏറ്റെടുത്ത് പോരാട്ടം തുടരുമെന്നും റാലിയിൽ പ്രഖ്യാപിച്ചു.
കർഷക തൊഴിലാളികളുൾപ്പെടെയുള്ള ജനങ്ങൾ യാത്രയ്ക്ക് ഐക്യദാർഢ്യവുമായി ബ്രിഗേഡ് പരേഡ് മൈതാനിലെത്തി. ചിലയിടങ്ങളിൽ റാലിയ്ക്ക് എത്തിയ പ്രകടനങ്ങൾ തടയാൻ പൊലീസ് ശ്രമിച്ചു. റാലിയിൽ പങ്കെടുത്തവർ രാജ്യം രക്ഷിയ്ക്കുമെന്ന പ്രതിജ്ഞ ചൊല്ലി. സംസ്ഥാന സെക്രട്ടറി മീനാക്ഷി മുഖർജി പ്രതിജ്ഞ ചൊല്ലികൊടുത്തു. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ദുരുബജ്യോതി ഷഹയുടെ അദ്ധ്യക്ഷതയിൽ നടന്ന റാലിയിൽ അഖിലേന്ത്യ പ്രസിഡന്റ് എ റഹിം, ജനറൽ സെക്രട്ടറി ഹിമാൺസുറായ് ഭട്ടാചര്യ, സംസ്ഥാന സെക്രട്ടറി മീനാക്ഷി മുഖർജി, സിപിഐഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം, അഭാഷ് റോയ് ചൗധരി, എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി സുജൻ ഭട്ടാചര്യ എന്നിവർ സംസാരിച്ചു. പശ്ചിമ ബംഗാൾ ഡമോക്രാറ്റിക്ക് യുവ ഫെഡറേഷന്റെ പ്രഥമ സെക്രട്ടറിയും മുൻ മന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചര്യ ഡിവൈഎഫ് ഇൻസാഫ് റാലിയ്ക്ക് ആശംസ അർപ്പിച്ച് സന്ദേശം അയച്ചു.