പാലക്കാട്: കോവിഡിൽ നിർത്തലാക്കിയ പാസഞ്ചർ ട്രെയിനുകൾ പുനഃരാരംഭിക്കുന്ന തീയതികൾ പുനഃക്രമീകരിച്ച് റെയിൽവേ നേരത്തെയാക്കി. ഷൊർണൂർ ജങ്ഷൻ-കോഴിക്കോട് അൺ റിസർവ്ഡ് എക്സ്പ്രസ് (06455) ഈ മാസം 15നും കോഴിക്കോട്-ഷൊർണൂർ ജങ്ഷൻ(06454) ഈ മാസം 16നും ഷൊർണൂർ-കോയമ്പത്തൂർ (06458) അൺ റിസർവ്ഡ് എക്സ്പ്രസ്, കോയമ്പത്തൂർ-ഷൊർണൂർ (06459) അൺ റിസർവ്ഡ് എക്സ്പ്രസ് ട്രെയിനുകൾ ഈ മാസം 16നും പുനരാരംഭിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
രാവിലെ 8.20ന് ഷൊർണൂരിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ (06458) 11.05ന് കോയമ്പത്തൂരിലെത്തും. വൈകീട്ട് 4.30ന് കോയമ്പത്തൂരിൽനിന്ന് തിരിച്ച് (06459) 7.05ന് ഷൊർണൂരിലെത്തും. മാന്നനൂർ, ഒറ്റപ്പാലം, പാലപ്പുറം, ലക്കിടി, മങ്കര, പറളി, പാലക്കാട്, കഞ്ചിക്കോട്, വാളയാർ, എട്ടിമട, മധുക്കരെ, പോത്തനൂർ എന്നിവിടങ്ങളിൽ സ്റ്റോപ് അനുവദിച്ചിട്ടുണ്ട്.
ഇതുകൂടാതെ ഈ മാസം 11 മുതൽ കോയമ്പത്തൂർ-ഷൊർണൂർ റൂട്ടിൽ മറ്റൊരു മെമു ട്രെയിൻകൂടി സർവിസ് ആരംഭിക്കും. രാവിലെ (ട്രെയിൻ നമ്പർ 06805) 11.20ന് യാത്ര തുടങ്ങി ഉച്ചക്ക് 2.30ന് കോയമ്പത്തൂരിലെത്തും. വൈകീട്ട് 3.10ന് ഷൊർണൂരിൽനിന്ന് പുറപ്പെടുന്ന മെമു (06804) 5.50ന് കോയമ്പത്തൂരിലെത്തും. കോഴിക്കോടുനിന്ന് രാവിലെ 5.20ന് പുറപ്പെട്ട് 7.30ന് ഷൊർണൂരിലെത്തും. ഷൊർണൂരിൽനിന്ന് വൈകീട്ട് 5.45ന് യാത്ര ആരംഭിച്ച് 7.55ന് കോഴിക്കോടെത്തും.