ന്യൂഡൽഹി : രാജ്യത്ത് സ്വർണത്തിന്റെ തീരുവയില്‍ വന്‍ വര്‍ധന വരുത്തി കേന്ദ്ര ധനമന്ത്രാലയം. ഇറക്കുമതി തീരുവ 7.5 ശതമാനമായിരുന്നത് 5 ശതമാനം വർധിപ്പിച്ച് 12.5 ശതമാനമാക്കി ഉയർത്തി. ഇതോടെ പവന് 960 രൂപ കൂടി 38,280 രൂപയായി. സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന വ്യാപാരികളുടെ ആവശ്യം തള്ളിയാണ് കേന്ദ്ര ധന മന്ത്രാലയത്തിന്റെ നടപടി. രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ തുടരുകയാണ്.
സ്വർണം ഇറക്കുമതി കുറച്ച് രൂപയുടെ തകർച്ച തടയാനുള്ള അറ്റകൈപ്രയോഗം എന്ന നിലയിലാണ് കേന്ദ്രധനമന്ത്രാലയം സ്വർണത്തിന്റെ ഇറക്കുമതി തീരുവ വർധിപ്പിച്ചത്. അഞ്ച് ശതമാനം വർധന എന്ന് പറയാമെങ്കിലും ജിഎസ്ടിയും കാർഷിക സെസും കൂട്ടി നികുതി 15 ശതമാനമായി ഉയരും. ഇതോടെ സ്വർണത്തിന്റെ വിപണി വിലയിൽ 5% വർധന ഉണ്ടാകും. ഒരു കിലോ സ്വർണം ഇറക്കുമതി ചെയ്യാൻ രണ്ടര ലക്ഷം രൂപ അധികമായി വേണ്ടിവരും. തീരുവ വർധന സ്വർണത്തിന്റെ കള്ളക്കടത്ത് വർധിക്കാൻ ഇടയാക്കിയേക്കാമെന്നു വിമർശനമുയർന്നു.
കയറ്റുമതി ചെയ്യുന്ന ഡീസലിന്‍റെയും പെട്രോളിയത്തിന്‍റെയും വിമാന ഇന്ധനത്തിന്‍റെയും നികുതിയും കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു. പെട്രോളിന് 5 രൂപയും ഡീസലിന് 12 രൂപയും വിമാന ഇന്ധനത്തിന് 6 രൂപയുമാണ് വര്‍ധിപ്പിച്ചത്. എന്നാല്‍ ഇത് ആഭ്യന്തര വിപണിയിലെ വിലയെ ബാധിക്കില്ല. ഡോളറുമായുള്ള വിനിമയത്തില്‍ 79.11 എന്ന നിലയിലേക്ക് രൂപ താഴ്ന്നു. രൂപയെ തകർച്ചയിൽനിന്ന് കരകയറ്റാൻ ആർബിഐ നടത്തിയ ഇടപെടലുകളും ഫലപ്രദമാകുന്നില്ല. ഡോളറുമായുള്ള വിനിമയത്തില്‍ 80 രൂപ നിലവാരത്തിലേക്ക് വില ഇടിയാനുള്ള സാധ്യതയുണ്ടെന്നും പ്രവചിക്കുന്നവരുണ്ട്. അസംസ്കൃത എണ്ണയുടെ വില വർധനയും രൂപയുടെ തകർച്ചയ്ക്ക് ആക്കം കൂട്ടുന്നു.