തിരുവനന്തപുരം: സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ജി.ആർ. അനിൽ കേന്ദ്ര പെടോളിയം മന്ത്രി ഹർദ്ദീപ് സിംഗ് പുരിയെ കണ്ടു. മണ്ണെണ്ണയുടെ ഉൽപാദനവും വിതരണവും ഘട്ടംഘട്ടമായി കുറച്ച് പൂർണമായും നിറുത്തലാക്കണമെന്നതാണ് കേന്ദ സർക്കാരിന്റെ നയമെന്ന് കേന്ദ്ര മന്ത്രി അഭിപ്രായപ്പെട്ടു.
നിലവിൽ നൽകിവരുന്ന പി.ഡി.എസ് മണ്ണെണ്ണ വിഹിതം ഒരു സംസ്ഥാനത്തിനു മാത്രമായി വർധിപ്പിക്കാൻ കഴിയില്ലെന്നും എന്നാൽ നോൺ – പി.ഡി.എസ് വിഹിതമായി മണ്ണെണ്ണ അനുവദിക്കുന്ന കാര്യം അനുഭാവപൂർവം പരിഗണിക്കാമെന്നും കേന്ദ്ര മന്ത്രി ജി.ആർ അനിലിന് ഉറപ്പു നൽകി.
കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണം, സംസ്ഥാനത്ത് മണ്ണെണ്ണ ഉപയോഗിച്ച് മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നവരുടെ ആവശ്യം എന്നിവ പരിഗണിച്ച് 5,000 കിലോലിറ്റർ മണ്ണെണ്ണ ഉടൻ അനുവദിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. മണ്ണെണ്ണ ഉപയോഗിച്ചുള്ള മത്സ്യബന്ധനം പരമാവധി നിരുൽസാഹപ്പെടുത്തണമെന്നും മത്സ്യബന്ധന യാനങ്ങളിൽ സി.എൻ.ജി ഉപയോഗിച്ചുള്ള എഞ്ചിനുകൾ നിർബന്ധമായും ഘടിപ്പിക്കണമെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.
വിവിധ സംസ്ഥാനങ്ങളിലെ മത്സ്യബന്ധന യാനങ്ങൾ സി.എൻ.ജി യിലേക്ക് മാറിയിട്ടുള്ള കാര്യം അദ്ദേഹം ഓർമ്മിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധി കെ.വി തോമസ്, പൊതുവിതരണ വകുപ്പ് കമീഷണർ സജിത് ബാബു എന്നിവർ മന്ത്രിയെ അനുഗമിച്ചു.