ഹൈദരാബാദ് : ഹൈദരാബാദില്‍ വീണ്ടും ദുരഭിമാനകൊല. അന്യമതസ്ഥയെ വിവാഹം കഴിച്ചതിന്‍റെ പേരില്‍ ഭാര്യയുടെ വീട്ടുകാര്‍ യുവാവിനെ വെട്ടികൊന്നു. ഇരുവരും ബൈക്കില്‍ പോകുന്നതിനിടെ പൊതുസ്ഥലത്ത് തടഞ്ഞു നിര്‍ത്തിയാണ് കൊലപ്പെടുത്തിയത്. 25 കാരനായ നാഗരാജാണ് കൊല്ലപ്പെട്ടത്. നാഗരാജും ഭാര്യയും ബൈക്കിൽ സരോനഗറിലേക്ക് പോകുന്നതിനിടെയാണ് ഭാര്യയുടെ വീട്ടുകാരും ക്വട്ടേഷന്‍ സംഘവും ചേര്‍ന്ന് തടഞ്ഞത്. പിന്നാലെ നാട്ടുകാര്‍ നോക്കിനില്‍ക്കേ ഇയാളെ വെട്ടികൊലപ്പെടുത്തി. തടയാന്‍ ശ്രമിച്ച ഭാര്യ സയ്യിദ് അഷ്‌റിൻ സുല്ത്താനയ്ക്ക് മര്‍ദ്ദനമേറ്റു. സുല്‍ത്താനയുടെ കരച്ചില്‍ കേട്ട് ഒടുവില്‍ നാട്ടുകാര്‍ ക്വട്ടേഷന്‍ സംഘത്തെ തടഞ്ഞെങ്കിലും വൈകിപോയിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും തലയ്ക്ക് വെട്ടേറ്റ നാഗരാജ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.
രണ്ട് മാസം മുമ്പായിരുന്നു നാഗരാജും സുല്‍ത്താനയും തമ്മിലുള്ള വിവാഹം. കോളജ് കാലം മുതൽ പ്രണയത്തിലായിരുന്നു ഇരുവരും. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് ഹൈദരാബാദ് ഓൾഡ് സിറ്റിയിലെ ആര്യസമാജ് ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. സുല്‍ത്താനയുടെ വീട്ടുകാര്‍ നാഗരാജിനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. സുല്‍ത്താനയെ വിവാഹം കഴിച്ചാല്‍ കൊലപ്പെടുത്തുമെന്നും ഭീഷണിയുണ്ടായിരുന്നു. സരൂർനഗറിലെ റവന്യൂ ഓഫീസിന് മുന്നില്‍ വച്ചായിരുന്നു കൊലപാതകം. സംഭവശേഷം ഒളിവില്‍ പോയ സുല്‍ത്താനയുടെ സഹോദരനും ക്വട്ടേഷന്‍ സംഘങ്ങള്‍ക്കുമായി തെരച്ചില്‍ തുടങ്ങി. സുല്‍ത്താനയുടെ രണ്ട് ബന്ധുക്കള്‍ പിടിയിലായിട്ടുണ്ട്. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പോലീസ് സ്റ്റേഷന് മുമ്പില്‍ നാഗരാജിന്‍റെ ബന്ധുക്കള്‍ പ്രതിഷേധിച്ചു.