നിലമ്പൂർ: പെരുന്നാൾ ദിനത്തോടനുബന്ധിച്ച് നാടുകാണി ചുരം വഴി ഊട്ടിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. ടൂറിസ്റ്റ് ബസുകളുൾപ്പടെ നൂറ് കണക്കിന് വാഹനങ്ങളാണ് ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി ഇടതടവില്ലാതെ ചുരം കയറിയത്.
വഴിക്കടവ് ആനമറി മോട്ടോർ വാഹന ചെക്ക്പോസ്റ്റിൽ ടൂറിസ്റ്റ് വാഹനങ്ങൾ പെർമിറ്റ് എടുക്കാനായി നിർത്തിയിട്ടതോടെ കെ.എൻ.ജി റോഡിൽ വാഹനങ്ങളുടെ നീണ്ട നിരയായി. വലിയ ടൂറിസ്റ്റ് ബസുകൾ ഉൾപ്പടെ നിർത്തിയിട്ടതോടെ രാവിലെ ആറോടെ കുരുക്ക് അനുഭവപ്പെട്ടു തുടങ്ങി. വാഹനങ്ങളുടെ ആധിക‍്യം കൂടിയതോടെ കെ.എൻ.ജി. റോഡിൽ മണിക്കൂറുകളോളം ഗതാഗത കുരുക്കായി. ഇതോടെ പഞ്ചായത്ത് അങ്ങാടി-പൊലീസ് സ്റ്റേഷൻ പടി-പൂവ്വത്തിപൊയിൽ ബൈപാസിലൂടെ നീലഗിരിയിലേക്കുള്ള കാർ ഉൾപ്പടെയുള്ള ചെറിയ വാഹനങ്ങളിലെ സഞ്ചാരികളെ പൊലീസ് തിരിച്ചുവിട്ടു.
രാവിലെ ഒമ്പതോടെയാണ് ആർ.ട്ടി.ഒ ചെക്ക്പോസ്റ്റിലെ തിരക്ക് കുറഞ്ഞ് ഗതാഗതം സാധാരണ ഗതിയിലേക്ക് നീങ്ങിയത്. പൊലീസിന് പുറമെ സിവിൽ ഡിഫെൻസും ട്രോമകെയർ പ്രവർത്തകരും നാട്ടുകാരും കുരുക്ക് ഒഴിവാക്കാൻ രംഗത്തിറങ്ങി.