കോഴിക്കോട്∙ ഇന്ത്യൻ നാഷനൽ ലീഗിന്റെ (ഐഎൻഎൽ) ചരിത്രത്തിലെ വഴിത്തിരിവാകുന്ന സംസ്ഥാന സമ്മേളനത്തിന് 28ന് കോഴിക്കോട്ട് തുടക്കമാവും. മുൻ പ്രസിഡന്റ് പ്രഫ. എ.പി.അബ്ദുൽ വഹാബും സംഘവും വേർപെട്ടുപോയശേഷം നടക്കുന്ന സംസ്ഥാന സമ്മേളനം 3 ദിവസമാണ്. ദേശീയ കൗൺസിൽ യോഗവും സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ച് നടക്കും. 28ന് രാവിലെ 10.30ന് മുതലക്കുളം മൈതാനിയിലെ പി.എം.അബൂബക്കർ നഗറിൽ സമ്മേളനത്തിനു പതാകയുയർത്തും. 7 പ്രധാന സെഷനുകളിലായി 60 പ്രമുഖർ വേദിയിലെത്തും.
‘യുവത: രാഷ്ട്രീയം, പോരാട്ടം’ യുവജന–വിദ്യാർഥി സെമിനാർ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. നടൻ ടൊവിനോ തോമസ് ലഹരിവിരുദ്ധ പ്രഖ്യാപനം നടത്തും. ഉച്ചയ്ക്ക് വനിതാ സിംപോസിയം വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി ഉദ്ഘാടനം ചെയ്യും. 29ന് രാവിലെ 10.30ന് അസ്മ ടവറിലെ പി.എം.ലത്തീഫ് നഗറിൽ ഐഎൻഎൽ ദേശീയ കൗൺസിൽ ചേരും. കേരളത്തിൽനിന്നുള്ള 10 പ്രതിനിധികളടക്കം 65 പേർ പങ്കെടുക്കും. അന്നു രാവിലെ മുതലക്കുളത്ത് തൊഴിലാളി സമ്മേളനത്തിൽ ‘ആഗോളവത്കരണകാലത്തെ തൊഴിലാളികൾ’ ചർച്ച. ഉച്ചയ്ക്കു ‘മതേതര ഇന്ത്യയുടെ ഭാവി’ ദേശീയ സെമിനാർ മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും. മന്ത്രി ആന്റണി രാജു, ബിനോയ് വിശ്വം എംപി, എം.കെ.രാഘവൻ എംപി തുടങ്ങിയവർ പങ്കെടുക്കും.
പ്രവാസി കുടുംബസംഗമം മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. കെ.പി.രാമനുണ്ണി, ഡോ.ഫസൽ ഗഫൂർ എന്നിവർ വിഷയാവതരണം നടത്തും. 30ന് വൈകിട്ട് അഞ്ചിന് കടപ്പുറത്തെ സേട്ട് സാഹിബ് നഗറിൽ മഹാസമ്മേളനം ഐഎൻഎൽ ദേശീയ പ്രസിഡന്റ് മുഹമ്മദ് സുലൈമാൻ ഉദ്ഘാടനം ചെയ്യും. ഡിഎംകെ സെക്രട്ടറി കനിമൊഴി കരുണാനിധി, ഇ.പി.ജയരാജൻ, കാനം രാജേന്ദ്രൻ, ജോസ് കെ.മാണി, എ.എം.ആരിഫ്, മന്ത്രി എ.കെ.ശശീന്ദ്രൻ, കെ.ടി.ജലീൽ എംഎൽഎ, കടന്നപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവർ പ്രസംഗിക്കും.
ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ് മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷനായിരിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പറഞ്ഞു. പാർട്ടി പുതിയ സംസ്ഥാന കമ്മിറ്റിയെ പ്രഖ്യാപിച്ച ശേഷം നടത്തുന്ന ആദ്യ സംസ്ഥാന സമ്മേളനമാണ് ഇത്തവണത്തേത്. 6 മാസത്തിലധികം നീണ്ടുനിന്ന അംഗത്വ ക്യാംപെയ്‌നു ശേഷമാണ് സംസ്ഥാന സമ്മേളനം.