തിരുവനന്തപുരം > സംസ്ഥാനത്തെ മദ്യഉപയോഗത്തെക്കുറിച്ച് പ്രതിപക്ഷം വസ്‌തുതാവിരുദ്ധ പ്രചാരണം നടത്തുകയാണെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കേരളത്തിന്റെ വരുമാനം മദ്യത്തെ ആശ്രയിച്ചാണെന്നത് നുണയാണെന്നും കണക്കുകൾ ഉദ്ധരിച്ച് അദ്ദേഹം വ്യക്തമാക്കി.മദ്യ ഉപയോഗത്തിന്റെ ദേശീയ ശരാശരി 14.6 ശതമാനമാണ്. കേരളത്തിൽ ഇത് 12.4 ശതമാനമാണ്. ഛത്തീസ്‌ഗഢിൽ 35.6 ശതമാനവും ത്രിപുരയിൽ 34.7 ശതമാനവും പഞ്ചാബിൽ 28.5 ശതമാനവുമാണ്. ഛത്തീസ്‌ഗഢിലെ മദ്യപിക്കുന്നവരുടെ അനുപാതം കേരളത്തിന്റെ ഏതാണ്ട് മൂന്നിരട്ടിയാണ്. കേരളം മദ്യപിക്കുന്ന ശീലത്തിൽ ഇരുപത്തിയൊന്നാം സ്ഥാനത്താണ്. മദ്യപാനശീലത്തിൽ ഒന്നാമതുള്ള ഛത്തീസ്‌ഗഢിൽ കോൺഗ്രസ് സർക്കാർ മദ്യമൊഴുക്കുകയാണ് എന്ന് കേരളത്തിലെ കോൺഗ്രസ് നേതൃത്വം പറയുമോ എന്നും രാജേഷ് ചോദിച്ചു.
മയക്കുമരുന്ന് ഉപയോഗത്തിന്റെ കണക്കും ഇതുപോലെയാണ്. കഞ്ചാവ് ഉപയോഗിക്കുന്നവരുടെ ദേശീയ ശരാശരി 1.2 ശതമാനമാണ്. കേരളത്തിലിത് 0.1 ശതമാനവും. കഞ്ചാവായാലും സിന്തറ്റിക് മയക്കുമരുന്നായാലും ഉപയോഗത്തിൽ അവസാന മൂന്ന് സ്ഥാനങ്ങളിലാണ് കേരളത്തിന്റെ സ്ഥാനം.ബെവ്കോ- കൺസ്യൂമർഫെഡ് ഔട്ട് ലെറ്റുകൾ സംസ്ഥാനത്ത് 309 എണ്ണമാണ്. തമിഴ്‌നാട്ടിൽ 5329 എണ്ണവും. ഇതിൽ 500 എണ്ണം പൂട്ടാൻ പോകുന്നു. കർണാടകയിൽ 3980. കേരളത്തിന്റെ 17 ഇരട്ടി വരും തമിഴ്‌നാട്ടിലേത്. കർണാടകയിൽ 13 ഇരട്ടിയാണ് ചില്ലറ വിൽപ്പനശാലകളുടെ എണ്ണം.പത്ത് വർഷം മുമ്പ് യുഡിഎഫ് കാലത്ത് 2012-13ൽ കേരളത്തിൽ വിറ്റത് 244.33 ലക്ഷം കെയ്‌സ് വിദേശമദ്യമായിരുന്നു. കഴിഞ്ഞവർഷം 2022 -23ൽ കേരളത്തിൽ വിറ്റത് 224.34 ലക്ഷം ലിറ്റർമാത്രം. 179.91 ലക്ഷം ലിറ്ററിന്റെ കുറവാണ് പത്ത് വർഷം കൊണ്ടുണ്ടായത്. കേരളത്തിന്റെ തനത് വരുമാന സ്രോതസ്സുകളിൽ ഏറ്റവും കുറഞ്ഞത് എക്‌സൈസ് വരുമാനമാണ്. സംസ്ഥാന ആഭ്യന്തര ഉൽപ്പാദനത്തിന്റെ 0.3 ശതമാനം മാത്രമാണത്. ഏറ്റവും ഉയർന്ന എക്‌സൈസ് വരുമാനം ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിന്റേതാണെ (2.4ശതമാനം)ന്നും മന്ത്രി പറഞ്ഞു.