പാലക്കാട്: കേരളത്തില്‍ എട്ടു ജില്ലകളില്‍ പകല്‍ താപനില 35 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് ഉയര്‍ന്നു. ഏറ്റവും ഉയര്‍ന്ന താപനില പാലക്കാടാണ് രേഖപ്പെടുത്തിയത്, 37.6 ഡിഗ്രി സെല്‍സ്യസ്. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലും പകല്‍ചൂട് 37 ലേക്ക് ഉയര്‍ന്നു. ആലപ്പുഴ, എറണാകുളം, കോട്ടയം കൊല്ലം തൃശൂര്‍ ജില്ലകളിലും ചൂട് 35 ന് മുകളിലാണ്. മേഘാവരണം ഉള്ളതിനാല്‍ ഈര്‍പ്പവും ചൂടും കൂടുതല്‍ അനുഭവപ്പെടുന്നുണ്ട്. ഉച്ചതിരിഞ്ഞ് മിക്ക ജില്ലകളിലും ഇടിമിന്നലോടുകൂടിയ മഴ ലഭിക്കുന്നുണ്ട്. വരുന്ന അഞ്ചു ദിവസം കൂടി കേരളത്തില്‍ മഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇന്ത്യയൊട്ടാകെ കൊടും ചൂടിന്റെ പിടിയിലാണ്. താപതരംഗത്തെ ഭയന്ന് പുറത്തിറങ്ങാൻ പോലും സാധിക്കാത്ത അവസ്ഥ. വരുംദിവസങ്ങളിലും ചൂടിന് ശമനമുണ്ടാകില്ലെന്ന മുന്നറിയിപ്പാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൽ നിന്നും ലഭിക്കുന്നത്. ചൂടു കനത്തതോടെ ഡൽഹിയിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. കൂടിയ താപനില ഇന്നലെ 42 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. താപനില ഇന്ന് 46 ഡിഗ്രി സെൽഷ്യസ് വരെ ഉയരാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകുന്നത്. ചൂടുകാറ്റ് വീശാൻ സാധ്യതയുള്ളതിനാലാണ് ജാഗ്രതാ സൂചനയായ യെലോ അലർട്ട് പ്രഖ്യാപിച്ചത്. നട്ടുച്ച നേരത്ത് ഉൾപ്പെടെ പുറത്തിറങ്ങുമ്പോൾ ജാഗ്രത വേണമെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ശക്തമായ കാറ്റും ചാറ്റൽ മഴയും ലഭിച്ചതോടെ ചൂടിനു നേരിയ ശമനമുണ്ടായിരുന്നു.
എന്നാൽ വരും ദിവസങ്ങളിൽ കൊടുംചൂട് അനുഭവപ്പെടുമെന്നാണ് സൂചന. കനത്ത വെയിൽ ചിലർക്ക് ശാരീരിക അസ്വസ്ഥതകൾക്കു കാരണമാവാമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പു നൽകി. കൊച്ചുകുട്ടികൾ, വയോജനങ്ങൾ, ഗുരുതര രോഗബാധിതർ എന്നിവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധവേണം. കൊടുംചൂടുള്ള സമയത്ത് പുറത്തുപോകാതിരിക്കുന്നതാണ് ഉചിതം. ഭാരംകുറഞ്ഞതും ഇളംനിറത്തിലുള്ളതുമായ കോട്ടൺ വസ്ത്രം ധരിക്കുന്നത് ചൂടിനെ പ്രതിരോധിക്കാൻ നല്ലതാണ്. തല തുണികൊണ്ടു മൂടുകയോ കുട ഉപയോഗിക്കുകയോ വേണമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
രാജസ്ഥാനിൽ താപതരംഗമടക്കമുള്ള പ്രതികൂല കാലാവസ്ഥ മൂലം താപനില 46 ഡിഗ്രി കടന്ന് റെക്കോർഡ് നിലയിലെത്തി. ഡൽഹിയിലെ ഗുരുഗ്രാമിൽ 45.6 ഡിഗ്രി സെൽഷ്യസാണ് താപനില രേഖപ്പെടുത്തിയത്. 1979 ൽ രേഖപ്പെടുത്തിയ 44.8 ഡിഗ്രി സെൽഷ്യസ് എന്ന റെക്കോർഡ് ഭേദിച്ചാണ് താപനില ഉയർന്നിരിക്കുന്നത്. വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലും ഇന്ത്യയുടെ മധ്യ മേഖലകളിലും താപതരംഗത്തിന്റെ പ്രഭാവം അടുത്ത അഞ്ച് ദിവസം കൂടി ഉണ്ടാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിൽ നിന്നുള്ള അറിയിപ്പ്. കിഴക്കൻ ഇന്ത്യയിലും വരുന്ന മൂന്നു ദിവസത്തേക്ക് കൊടുംചൂട് അനുഭവപ്പെടുമെന്ന് മുന്നറിയിപ്പുണ്ട്.