തിരുവനന്തപുരം: കേരളത്തിന്‍റെ ജലഗതാഗത ചരിത്രത്തിലെ തിളങ്ങുന്ന പുതിയ അധ്യായമായ കൊച്ചി വാട്ടര്‍മെട്രോ വിവിധ ഘട്ടങ്ങൾ പിന്നിട്ടു പൂർത്തീകരണത്തിലേക്ക് അടുക്കുന്നു. 76 കിലോമീറ്റര്‍ നീളത്തില്‍ 38 ടെര്‍മിനലുകളെ ബന്ധിപ്പിച്ച് 78 ബോട്ടുകളുമായാണ് കൊച്ചി വാട്ടർമെട്രോ സര്‍വീസ് നടത്തുക.
38 ടെര്‍മിനലുകളില്‍ മൂന്നെണ്ണത്തിൻ്റെ നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. കാക്കനാട്, വൈറ്റില, ഏലൂര്‍ ടെര്‍മിനലുകളാണ് പൂര്‍ത്തിയായിരിക്കുന്നത്. വൈപ്പിന്‍, ബോള്‍ഗാട്ടി, ഹൈക്കോര്‍ട്ട്, സൗത്ത് ചിറ്റൂര്‍, ചേരാനല്ലൂര്‍ എന്നിവയുടെ നിര്‍മാണം ജൂണ്‍ മാസത്തോടെ പൂര്‍ത്തിയാകും.
23 ബോട്ടുകളാണ് വാട്ടർമെട്രോയുടെ ഭാഗമായി കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് നിർമിക്കുന്നത്. നവംബർ മാസത്തോടെ ഇവ കൈമാറുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ആദ്യ ബോട്ടായ മുസിരിസ് കഴിഞ്ഞ ആഴ്ച പരീക്ഷണ സവാരി ആരംഭിച്ചിരുന്നു. നാലു ബോട്ടുകള്‍ കൂടി ലഭിക്കുന്നതോടെ സര്‍വീസ് ആരംഭിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 50 പേര്‍ക്ക് ഇരുന്നും 50 പേര്‍ക്ക് നിന്നും ആകെ 100 പേര്‍ക്ക് ഒരേസമയം യാത്ര ചെയ്യാന്‍ കഴിയുന്നതാകും സംവിധാനം. പാസഞ്ചര്‍ കൗണ്ടിങ് സിസ്റ്റം ഉപയോഗിച്ചാകും യാത്രക്കാര്‍ക്ക് പ്രവേശനം.
വൈറ്റില ഹബ്ബിലെ ഓപ്പറേറ്റിംഗ് കണ്‍ട്രോള്‍ സെൻ്ററിൽ നിന്ന് ബോട്ടിൻ്റെ സഞ്ചാരം നിരീക്ഷിക്കാനുള്ള ഓട്ടോമാറ്റിക് സജ്ജീകരണവും രാത്രി യാത്രയില്‍ ബോട്ട് ഓപ്പറേറ്റര്‍ക്ക് സഹായമാകുന്നതിന് തെര്‍മല്‍ ക്യാമറയും ഒരുക്കുന്നുണ്ട്. ചുരുങ്ങിയ ചെലവിൽ ഏറ്റവും സുരക്ഷിതമായി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും യാത്ര ചെയ്യാൻ സാധിക്കുന്ന സംവിധാനമാണിത്. മെട്രോ പൂർത്തിയാകുന്നതോടെ കൊച്ചിയുടെ ടൂറിസം-ഗതാഗത മേഖലകളിൽ വലിയ മുന്നേറ്റം സൃഷ്ടിക്കാൻ വാട്ടർ മെട്രോയ്ക്ക് സാധിക്കും.