തിരുവന്തപുരം : കോടിയേരിക്കെതിരെ രൂക്ഷ വിമർശനവുമായി യൂത്ത്കോൺഗ്രസ് രംഗത്ത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ നഥൂറാം വിനായക് ഗോഡ്സെയുടെ പ്രേതം പിടികൂടിയിരിക്കുകയാണെന്നും കമ്മ്യൂണിസ്റ്റ് നേതാവിന്റെ ദേഹത്ത് കയറിക്കൂടിയ ആര്‍എസ്എസ് നേതാവിന്റെ ബാധയെ എത്രയും വേഗം ഒഴിപ്പിക്കുവാന്‍ സിപിഎം തയ്യാറാകണമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവ്വാഹക സമിതി അംഗം എം എ സിദ്ധീഖ് പറഞ്ഞു. കേരളത്തില്‍ വര്‍ഗീയ വിഷം വിളമ്പിയാല്‍ ചൂരലിന് അടി കൊടുത്ത് ബാധയെ പുറത്താക്കാന്‍ യൂത്ത് കോണ്‍ഗ്രസ് തയ്യാറാകും. വര്‍ഗീയതക്കെതിരെ രാഹുല്‍ ഗാന്ധിയുടെയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് സന്ധിയില്ലാ സമരമാണ് നടത്തുന്നത്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നേതൃതത്തില്‍ എല്ലാവിധ പിന്തുണയും നല്‍കുന്നുമുണ്ട്. അതിനുള്ള ഏറ്റവും വലിയ തെളിവാണ് വട്ടിയൂര്‍കാവില്‍ വിജയിക്കുവാന്‍ കഴിഞ്ഞില്ലങ്കിലും ബിജെപി അക്കൗണ്ട് പൂട്ടിച്ചതെന്നും എം എ സിദ്ധീഖ് പറയുന്നു.
സിപിഎമ്മും എല്‍ഡിഎഫ് സര്‍ക്കാരും ഒളിഞ്ഞും തെളിഞ്ഞും ബിജെപിയെ പിന്തുണയ്ക്കുന്നു. സംസ്ഥാനത്ത് അധികാരത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ വര്‍ഗ്ഗീയ ശക്തികളോട് മൃദു സമീപനമാണ് സ്വീകരിക്കുന്നത്. ഒളിഞ്ഞും തെളിഞ്ഞും അവരോട് ചങ്ങാത്തം കൂടാനുള്ള പരിശ്രമവും നടക്കുന്നുണ്ട്. ബിജെപിയ്ക്ക് ഭരണം കിട്ടിയില്ലങ്കിലും ഈ ബന്ധം മുറിഞ്ഞുപോകാതിരിക്കുവാന്‍ വേണ്ടിയാണ് ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കരിയ്ക്ക് ആഭ്യന്തര വകുപ്പിന്റെ ചുമതല കേരളത്തില്‍ നല്‍കിയിട്ടുള്ളതെന്ന് പരസ്യമായ രഹസ്യമാണെന്നും എം എ സിദ്ധീഖ് ആരോപിച്ചു.
കേരളത്തിലെ ജനങ്ങളെ തമ്മിലടിപ്പിച്ച് കേരളത്തെ കലാപ ഭൂമിയാക്കുവാനുമുള്ള ആസൂത്രിത നീക്കമാണ് കോടിയേരിയുടെ പ്രസ്താവനയിലൂടെ പുറത്ത് വരുന്നത്. കേരളത്തിന്റെ മഹത്തായ മതനിരപേക്ഷ അടിത്തറ സംരക്ഷിക്കാന്‍ രംഗത്തിറങ്ങേണ്ട ഘട്ടമാണിത്. കേരളത്തിലെ രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ പരാജയമാണെന്ന തിരിച്ചറിവും സിപിഐ(എം) അക്രമ രാഷ്ട്രീയത്തിനും വര്‍ഗീയതക്കുമെതിരെ വരാന്‍ പോകുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ജനം വിധിയെഴുതും എന്ന ഭയവുമാണ് കമ്മ്യൂണിസ്റ്റ് നേതാക്കളെ ഭ്രാന്തു പിടിപ്പിക്കുന്നത് എന്നും എം എ സിദ്ധീഖ് ഫേസ്ബുക്കിൽ കുറിച്ചു.
എം എ സിദ്ധീഖിന്റെ ഫേസ്ബുക്ക് പോസ്റ്റ്
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ, നഥൂറാം വിനായക് ഗോഡ്സെയുടെ പ്രേതം പിടികൂടിയിരിക്കുകയാണ്. കമ്മ്യൂണിസ്റ്റ് നേതാവിന്റെ ദേഹത്ത് ദേഹത്ത് കയറിക്കൂടിയ ആർഎസ്എസ് നേതാവിന്റെ ബാധയെ എത്രയും വേഗം ഒഴിപ്പിക്കുവാൻ സിപിഎം തയ്യാറാകണം. കോവിഡ് കാലത്ത് ലോക്ഡൗൺ നിയന്ത്രണങ്ങൾ പോലും ലംഘിച്ച് ശത്രു സംഹാര പൂജ സ്വന്തം വീട്ടിൽ നടത്തിയ ആളാണ് കോടിയേരി. അപ്പോൾപ്പിന്നെ അവരുടെ സഹായവും തേടാം, ഇല്ലെങ്കിൽ ബാധയുമായി പുറത്തിറങ്ങി ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, വർഗീയ വിഷം വിളമ്പിയാൽ ചൂരലിന് അടി കൊടുത്ത് ബാധയെ പുറത്താക്കാൻ യൂത്ത് കോൺഗ്രസ് തയ്യാറാകും. ഇന്ന് രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണി വർഗീയതയാണ്. വർഗീയതക്കെതിരെ രാഹുൽ ഗാന്ധിയുടെയും നേതൃത്വത്തിൽ കോൺഗ്രസ് സന്ധിയില്ലാ സമരമാണ് നടത്തുന്നത്.
ഇവിടെ കേരളത്തിൽ നിന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നേതൃതത്തിൽ എല്ലാവിധ പിന്തുണയും നൽകുന്നുമുണ്ട്. അതിനുള്ള ഏറ്റവും വലിയ തെളിവാണ് വട്ടിയൂർകാവിൽ വിജയിക്കുവാൻ കഴിഞ്ഞില്ലങ്കിലും ബിജെപി അക്കൗണ്ട് പൂട്ടിച്ചത്. അതേസമയത്ത് സിപിഎമ്മും എൽഡിഎഫ് സർക്കാരും ഒളിഞ്ഞും തെളിഞ്ഞും ബിജെപിയെ പിന്തുണയ്ക്കുന്നു. സംസ്ഥാനത്ത് 35 സീറ്റ് കിട്ടിയാൽ ബിജെപി അധികാരത്തിലെത്തുമെന്ന് പരസ്യമായി പറയാൻ കെ സുരേന്ദ്രൻ ധൈര്യം കാണിച്ചത് ഈ ബന്ധത്തിന്റെ തെളിവാണ്. സംസ്ഥാനത്ത് അധികാരത്തിലുള്ള എൽഡിഎഫ് സര്‍ക്കാര്‍ വര്‍ഗ്ഗീയ ശക്തികളോട് മൃദു സമീപനമാണ് സ്വീകരിക്കുന്നത്. ഒളിഞ്ഞും തെളിഞ്ഞും അവരോട് ചങ്ങാത്തം കൂടാനുള്ള പരിശ്രമവും നടക്കുന്നുണ്ട്.
ബിജെപിയ്ക്ക് ഭരണം കിട്ടിയില്ലങ്കിലും ഈ ബന്ധം മുറിഞ്ഞുപോകാതിരിക്കുവാൻ വേണ്ടിയാണ് ആർഎസ്എസ് നേതാവ് വൽസൻ തില്ലങ്കരിയ്ക്ക് ആഭ്യന്തര വകുപ്പിന്റെ ചുമതല കേരളത്തിൽ നൽകിയിട്ടുള്ളതെന്ന് പരസ്യമായ രഹസ്യമാണ്. തൊട്ടുകൂടായ്മയും തീണ്ടാപ്പാടും അനാചാരങ്ങളും കണ്ട് സ്വാമി വിവേകാനന്ദന്‍ ഒരിക്കല്‍ ഭ്രാന്താലയമെന്ന് വിളിച്ച കേരളത്തെ ത്യാഗനിര്‍ഭരമായ നവോത്ഥാന പോരാട്ടങ്ങളിലൂടെ ഉഴുത് മറിച്ച് പുനര്‍നിര്‍മ്മിച്ചെടുത്തതാണ് നവോത്ഥാന നായകര്‍. നവോത്ഥാന കേരളത്തെ വര്‍ഗ്ഗീയ വിഷം ചീറ്റി വീണ്ടും ഭ്രാന്താലയമാക്കാന്‍ ശ്രമിക്കുന്ന സിപിഎമ്മിനെയും കോടിയേരി ബാലകൃഷ്ണനെയുംപ്പോലുള്ള വര്‍ഗ്ഗീയ കോമരങ്ങളെ ഒറ്റപ്പെടുത്താന്‍ മതനിരപേക്ഷ മനസ്സുകള്‍ ഒന്നിക്കണം.
നവോത്ഥാന മൂല്യങ്ങള്‍ അട്ടിമറിക്കാനും വര്‍ഗ്ഗീയതയുടെയും ജാതി വിദ്വേഷത്തിന്റെയും വിഷവിത്തെറിയാനും, ഒന്നിച്ചൊന്നായി കഴിയുന്ന കേരളത്തിലെ ജനങ്ങളെ തമ്മിലടിപ്പിച്ച് കേരളത്തെ കലാപ ഭൂമിയാക്കുവാനുമുള്ള ആസൂത്രിത നീക്കമാണ് കോടിയേരിയുടെ പ്രസ്താവനയിലൂടെ പുറത്ത് വരുന്നത്. കേരളത്തിന്റെ മഹത്തായ മതനിരപേക്ഷ അടിത്തറ സംരക്ഷിക്കാന്‍ രംഗത്തിറങ്ങേണ്ട ഘട്ടമാണിത്. ജനാധിപത്യ പാർട്ടിയായ കോൺഗ്രസ് എന്നും മുന്നിൽ തന്നെ ഉണ്ടാകും, ഇന്നും നാളെയും എന്നും വർഗ്ഗീയ രാഷ്ട്രീയത്തിനും അക്രമരാഷ്ട്രീയത്തിനുമെതിരെ സമരമുഖത്ത് തന്നെയാണ് കോൺഗ്രസ്. അവസാനത്തെ കോൺഗ്രസുകാരനും ആ കടമ നിർവഹിക്കും.
കേരളത്തിലെ രണ്ടാം എൽഡിഎഫ് സർക്കാർ പരാജയമാണെന്ന തിരിച്ചറിവും സിപിഐ(എം) അക്രമ രാഷ്ട്രീയത്തിനും വർഗീയതക്കുമെതിരെ വരാൻ പോകുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ജനം വിധിയെഴുതും എന്ന ഭയവുമാണ് കമ്മ്യൂണിസ്റ്റ് നേതാക്കളെ ഭ്രാന്തു പിടിപ്പിക്കുന്നത്… ആർഎസ്എസ് ശാഖയിൽ പോയിട്ടുള്ള, ശാഖയുടെ നടത്തിപ്പ് ചുമതലയുള്ള ശിക്ഷക് എന്ന ചുമതല വഹിച്ചിരുന്ന എസ്. രാമചന്ദ്രൻ പിള്ളയുടെ ശിഷ്യനായ കോടിയേരി ബാലകൃഷ്ണന്റ വായിൽ നിന്ന് വർഗീയ വിഷം ചീറ്റുന്നതിൽ അൽഭുതവുമില്ലാ………”സംഘിയും സഖാവും ഒന്നാണ്”.