തൃശൂർ > പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുമെന്ന വിവാദ പ്രസംഗവുമായി കെഎസ്യു നേതാവ്. കെഎസ്യു തൃശ്ശൂർ ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂരാണ് പൊലീസിനെതിരെ കൊലവിളി മുഴക്കിയത്. യൂണിഫോം അഴിച്ച് തൃശൂർ അങ്ങാടിയിൽ ഇറങ്ങിയാൽ അടിച്ചിരിക്കുമെന്നായിരുന്നു ഗോകുലിൻറെ വെല്ലുവിളി. സിപിഒ ശിവപ്രസാദിന്റെ പേരെടുത്തു പറഞ്ഞായിരുന്നു ഗോകുലിന്റെ വിവാദ പ്രസംഗം. മുഴുവൻ പൊലീസുകാരോടുമാണ് പറയുന്നതെന്നും ഗോകുൽ വെല്ലുവിളിച്ചു. വിവാദ പ്രസംഗത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചു.
തൃശൂർ ലോ കോളജിലെ സംഘർത്തെ തുടർന്ന് കെഎസ്യു പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതിനെതിരെ കഴിഞ്ഞ ദിവസം അയ്യന്തോളിൽ നടത്തിയ പ്രതിഷേധ യോഗത്തിലായിരുന്നു പൊലീസിനെതിരെ കെഎസ്യു ജില്ലാ പ്രസിഡന്റിന്റെ ഭീഷണി. പൊലീസുകാർ വിഡിയോ എടുക്കുന്നുണ്ടെന്നും ആ വിഡിയോ എടുക്കുന്ന പൊലീസുകാരോടു കൂടിയാണ് പറയുന്നതെന്നും പറഞ്ഞായിരുന്നു ഭീഷണി. ശിവപ്രസാദിനെ ഞങ്ങൾ നോട്ടമിട്ടിട്ടുണ്ടെന്നും തെരുവിൽ നേരിടുക തന്നെ ചെയ്യുമെന്നുമാണ് ഗോകുലിന്റെ ഭീഷണി. സംയമനം പാലിക്കുന്നത് ഇട്ടിരിക്കുന്ന യൂണിഫോമിനോടുള്ള ബഹുമാനം കൊണ്ടു മാത്രമാണെന്നും യൂണിഫോം അഴിച്ച് തൃശൂർ അങ്ങാടിയിൽ ഇറങ്ങിയാൽ അടിച്ചിരിക്കും എന്നുമാണ് നേതാവിന്റെ കൊലവിളി.