കൊച്ചി : നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ കോട്ടയം സ്വദേശിയായ പ്രവാസി വ്യവസായി മെഹബൂബ് അബ്ദുള്ളയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ആവശ്യമെങ്കില്‍ ശബ്ദ സാംപിളും ശേഖരിക്കും. ഇതിനായി കോടതിയില്‍ അപേക്ഷ നല്‍കുന്നത് പരിഗണനയിലാണ്. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ കൈമാറിയ ഓഡിയോ റെക്കോര്‍ഡിങ്ങുകളില്‍ ഉള്ള എല്ലാവരുടെയും ശബ്ദ സാംപിളുകളും ശേഖരിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. നടന്‍ ദിലീപ്, ദിലീപിന്റെ ഭാര്യ കാവ്യ മാധവന്‍, ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരുടെ ശബ്ദ സാംപിളുകള്‍ ശേഖരിക്കാനും കോടതിയെ സമീപിക്കും.
ദിലീപിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണുകള്‍, ഐ പാഡ്, പെന്‍ ഡ്രൈവ്, ഹാര്‍ഡ് ഡിസ്‌ക് എന്നിവ ഫൊറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. അതേസമയം, നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി നടപടികള്‍ ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലില്‍ ഹൈക്കോടതി നാളെ വിധി പറയും. കേസില്‍ എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം തള്ളിയതിനെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി ചൊവ്വാഴ്ച പരിഗണിക്കും.