തിരുവനന്തപുരം: ആലപ്പുഴയിൽ നടന്ന രണ്ട് കൊലപാതകങ്ങളും ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കേരളത്തിൽ വർഗീയവിഷം വിതക്കാൻ ശ്രമിക്കുന്ന രണ്ട് സംഘടനകളുടെ നേതൃത്വത്തിലാണ് കൊലപാതകങ്ങൾ നടക്കുന്നത്. ഇത് വിഭാഗീയതക്കും മതവേർതിരിവിനും വേണ്ടി മനഃപൂർവം നടത്തുന്ന ഗൂഢാലോചനയാണ്. ഇരുവരും പരസ്പരം പാലൂട്ടി വളർത്തുന്ന ശത്രുക്കളാണെന്നും വി.ഡി. സതീശൻ പറഞ്ഞു. ഈ രണ്ട് ശക്തികളെയും കേരളത്തിൽ നിന്ന് ഇല്ലാതാക്കാനുള്ള വികാരമാണ് ഉണ്ടാകേണ്ടത്. രാഷ്ട്രീയമായി പരാജയപ്പെട്ടപ്പോഴാണ് വർഗീയ ചേരിതിരിവിന് ശ്രമിക്കുന്നത്. മുഖ്യമന്ത്രി സോഷ്യൽ എൻജിനീയറിങ് എന്ന പേരിൽ നടത്തുന്ന വർഗീയ പ്രീണനനയങ്ങളും ഇത്തരം സാഹചര്യത്തിന് വഴിവെച്ചിട്ടുണ്ട്.
കേരളത്തെ വർഗീയമായി ചേരിതിരിക്കാനുള്ള ശ്രമത്തെ കോൺഗ്രസും യു.ഡി.എഫും ചെറുത്തു തോൽപിക്കും. അക്രമങ്ങളെയും കൊലപാതകങ്ങളെയും പൂർണമായി അമർച്ച ചെയ്യാനുള്ള ഉത്തരവാദിത്തം സർക്കാറിനുണ്ട്. സർക്കാർ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റിയാൽ അതിനെ പ്രതിപക്ഷം പിന്തുണക്കുമെന്നും സതീശൻ വ്യക്തമാക്കി.
കേരളത്തിൽ ഭരണത്തിലുള്ള സി.പി.എം ഈ രണ്ട് ശക്തികളെയും മാറിമാറി പുണരുകയാണ്. കോട്ടയം ജില്ലയിൽ യു.ഡി.എഫ് ഭരണം അട്ടിമറിക്കാൻ എസ്.ഡി.പി.ഐയെയും ബി.ജെ.പിയെയും സി.പി.എം കൂട്ടുപിടിച്ചു. എസ്.എഫ്.ഐ പ്രവർത്തകനായ അഭിമന്യുവിന്‍റെ കൊലപാതകത്തിലെ പ്രതികളെ കണ്ടെത്താൻ പോലീസ് ജാഗ്രത കാണിച്ചില്ല. ചാവക്കാട്ടെ പുന്ന നൗഷാദിന്‍റെ വധത്തിലെ പ്രതികളായ എസ്.ഡി.പി.ഐക്കാരെ പിടിക്കാനും ശ്രമിച്ചില്ല. നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് സി.പി.എം ഉണ്ടാക്കിയ ചില ധാരണകൾ ഇരുവിഭാഗങ്ങളെയും സഹായിക്കുന്നതിൽ കാരണമായിട്ടുണ്ടെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.