ഇടുക്കി: ഇടുക്കിയിലെ കുമളിയിൽ പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം തുടങ്ങിയ ബെവ്കോ ഔട്ട്‍ലെറ്റ് സിപിഎം പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് അടച്ചു. കുമളി അട്ടപ്പള്ളത്ത് പ്രവർത്തിച്ചിരുന്ന ഔട്ട്‍ലെറ്റ് ഇന്ന് രാവിലെയാണ് ചെളിമട എന്ന സ്ഥലത്തേക്ക് മാറ്റി പ്രവർത്തനം തുടങ്ങിയത്. ഒരു ലക്ഷം രൂപയോളം കച്ചവടവും നടന്നു. ഇതിന് ശേഷമാണ് സിപിഎം പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്.
മുൻപ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൻറെ ഉടമയായ സിപിഎം നേതാവുമായുള്ള കരാറിന് രണ്ടു വർഷം കൂടെ കാലാവധി നിലനിൽക്കെ ഔട്ട്‍ലെറ്റ് മാറ്റി എന്നാരോപിച്ചായിരുന്നു പ്രതിഷേധം. കെട്ടിടത്തിന് കേടുപാടുകൾ വരുത്തിയെന്നും ആരോപണമുണ്ട്. പുതിയ കെട്ടിടത്തിലേക്ക് ലൈസൻസ് മാറ്റിയതിനാൽ എക്സൈസിന്‍റെ അനുമതിയില്ലാതെ പഴയ കെട്ടിടത്തിലേക്ക് ഇനി മാറ്റാനാകില്ല. അതേസമയം, സംസ്ഥാനത്ത് വിദേശ നിർമ്മിത വിദേശ മദ്യ വിൽപ്പന നിർത്തി വയ്ക്കാൻ കഴിഞ്ഞ ദിവസം നിർദ്ദേശം വന്നിരുന്നു.
ഈ മാസം രണ്ടു മുതൽ വിദേശ മദ്യത്തിൻറെ വില ഒമ്പത് ശതമാനം വർധിപ്പിച്ചിരുന്നു. പുതിയ വില രേഖപ്പെടുത്തിയ ലേബൽ ഒട്ടിക്കുന്നതുവരെ നിലവിലുള്ള വിദേശ നിർമ്മിത വിദേശ മദ്യത്തിന്റെ സ്റ്റോക്ക് വിൽക്കേണ്ടെന്നാണ് ബെവ്കോ ജനറൽ മാനേജർ പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്. ബെവ്കോ മാനേജർമാർക്കാണ് നിർദ്ദേശം നൽകിയത്.
ഈ മാസം ഒന്ന് മുതലാണ് വില വർധിപ്പിച്ചത്. സെപ്തംബർ 30 മുതൽ ഒക്ടോബർ അഞ്ച് വരെ വന്ന എല്ലാ സ്റ്റോക്കിലും പുതിയ വില രേഖപ്പെടുത്തണമെന്നാണ് നിർദ്ദേശത്തിൽ പറയുന്നത്. രേഖപ്പെടുത്തി കഴിഞ്ഞ ശേഷമേ ഇവ ഇനി വിൽക്കുകയുള്ളൂ. അതേസമയം വില വർധിപ്പിക്കാത്ത ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന്റെ അടക്കം വിൽപ്പനയെ ഈ ഉത്തരവ് ബാധിക്കില്ല. അവ തുടർന്നും മദ്യശാലകളിൽ നിന്ന് ലഭിക്കും.