തിരുവനന്തപുരം: ബിജെപി ഭാരവാഹികളുടെ കാലാവധി അവസാനിച്ചെങ്കിലും സ്ഥാനമോഹികളുടെ കലഹം ഭയന്ന് അഴിച്ചുപണിക്ക് മടിച്ച് ദേശീയ നേതൃത്വം. പല സംസ്ഥാനങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പും താമസിയാതെ ലോക്‌സഭാ തെരഞ്ഞെടുപ്പും നടക്കുമെന്നതിനാൽ പാർട്ടിയിലെ ഗ്രൂപ്പ് അടി ദോഷം ചെയ്യുമെന്ന നിലപാടിലാണ് വിവിധ സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കൾ. കേരളമുൾപ്പെടെയുള്ള സംസ്ഥാന അധ്യക്ഷന്മാരെ തൽക്കാലത്തേക്ക് മാറ്റിയേക്കില്ലെന്ന സൂചന നേതാക്കൾ പുറത്തുവിടുന്നതും ഈ സാഹചര്യത്തിലാണ്. കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവ്‌ഡേക്കർ തിരുവനന്തപുരത്ത് തങ്ങുന്നുണ്ട്. ചില സംസ്ഥാന ഭാരവാഹികൾക്കും ജില്ലാ അധ്യക്ഷന്മാർക്കും മാറ്റമുണ്ടായേക്കും.
അതേസമയം, സുരേന്ദ്രനെ മാറ്റിയാൽ അടുത്ത ഊഴം ജനറൽ സെക്രട്ടറി എം ടി രമേശിന് നൽകേണ്ടിവരുമെന്നതിനാലാണ് സഹമന്ത്രി വി മുരളീധരൻ ഇടപെട്ട് സംസ്ഥാന അധ്യക്ഷന്റെ കാലാവധി നീട്ടാൻ ശ്രമിക്കുന്നത് എന്നാണ് എതിർവിഭാഗം നേതാക്കൾ പറയുന്നത്. രമേശും സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളായ എസ് സുരേഷും ഒഴികെ ഒരു ഭാരവാഹിയും പ്രവർത്തിക്കുന്നില്ലെന്നാണ് ജാവ്‌ഡേക്കർ ദേശീയ നേതൃത്വത്തിന് നൽകിയ റിപ്പോർട്ട്. ഇവർ രണ്ടുപേരും പി കെ കൃഷ്‌ണദാസ് പക്ഷക്കാരാണ്. കൃഷ്‌ണദാസിന് ഒരു ടേം കൂടി നൽകണമെന്ന ആലോചനയും നേരത്തെ ദേശീയ നേതാക്കൾ നടത്തിയിരുന്നു.
ഇപ്പോൾ എന്ത് മാറ്റം വരുത്തിയാലും ഗ്രൂപ്പ് യുദ്ധം രൂക്ഷമാകുമെന്ന റിപ്പോർട്ടാണ് കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്ന് ദേശീയ നേതൃത്വത്തിന് ലഭിച്ചിട്ടുള്ളത്. തമിഴ്‌നാട്ടിൽ അധ്യക്ഷൻ അണ്ണാമലൈക്കെതിരെ വലിയൊരു വിഭാഗം നേതാക്കൾ പരസ്യമായി പോരിലാണ്. സംസ്ഥാന നേതാവ് ഗായത്രി രഘുറാം കഴിഞ്ഞ ദിവസം ബിജെപി വിട്ടിരുന്നു.