ദില്ലി : ലോകമെങ്ങും പരിഭ്രാന്തി പരത്തി കൊണ്ടാണ് കോവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വിവിധ രാജ്യങ്ങളിലേക്ക് പടരുന്നത്. വ്യാപകമായ വാക്സീന്‍ വിതരണത്തിന് ശേഷം ജനജീവിതം കൈവരിച്ച സാധാരണ നില വീണ്ടും തകിടം മറിയുമോ എന്ന ആശങ്ക ശക്തമാണ്. ഡെല്‍റ്റയെ കീഴടക്കി അമേരിക്ക പോലുള്ള രാജ്യങ്ങളിലെ പ്രബല വകഭേദമായി ഒമിക്രോണ്‍ മാറിക്കഴിഞ്ഞു. അമേരിക്കയില്‍ കഴിഞ്ഞ ഒരാഴ്ചയിലുണ്ടായ അണുബാധകളില്‍ 73 ശതമാനവും ഒമിക്രോണ്‍ മൂലമായിരുന്നു. സമൂഹവുമായി ഏതെങ്കിലും തരത്തില്‍ ഇടപെടുന്നവര്‍ക്കെല്ലാം ഒമിക്രോണ്‍ ബാധിക്കപ്പെടാനുള്ള സാധ്യത പ്രവചിക്കുകയാണ് അമേരിക്കയിലെ ശാസ്ത്രജ്ഞര്‍. നിലവില്‍ ഒമിക്രോണിന്‍റെ വ്യാപന നിരക്ക് പരിഗണിച്ചാല്‍ ആര്‍ക്കും കോവിഡ് വരാവുന്ന സാഹചര്യമാണെന്ന് അമേരിക്കയിലെ ജോണ്‍ ഹോപ്കിന്‍സ് സെന്‍റര്‍ ഫോര്‍ ഹെല്‍ത്ത് സെക്യൂരിറ്റിയിലെ സീനിയര്‍ സ്കോളര്‍ ഡോ. അമേഷ് അടല്‍ജ പറയുന്നു.
പൂര്‍ണമായും വാക്സീന്‍ എടുക്കുക മാത്രമാണ് കോവിഡിനെ പ്രതിരോധിക്കാനുള്ള ഏക മാര്‍ഗമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാക്സീന്‍ എടുക്കാത്തവര്‍ക്ക് കടുത്ത രോഗബാധയുടെയും മരണത്തിന്‍റെയും മഞ്ഞുകാലമാണ് വരാന്‍ പോകുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനും കഴിഞ്ഞയാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. യുകെയിലെയും ദക്ഷിണാഫ്രിക്കയിലെയും ഡേറ്റയുടെ അടിസ്ഥാനത്തില്‍ അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അമേരിക്കയിലെ ഒമിക്രോണ്‍ മൂലമുള്ള കേസുകള്‍ ഗണ്യമായി വര്‍ധിക്കുമെന്ന് യൂട്ട സര്‍വകലാശാല പ്രഫസര്‍ ഡി സ്റ്റീഫന്‍ ഗോള്‍ഡ്സ്റ്റീനും പറയുന്നു.
കഴിഞ്ഞ മഞ്ഞുകാലത്തെ അപേക്ഷിച്ച് കൂടുതല്‍ കോവിഡ് കേസുകള്‍ ഈ വര്‍ഷം ഉണ്ടാകാമെന്നും പ്രഫ ഗോള്‍സ്റ്റീന്‍ ആശങ്കപ്പെടുന്നു. വ്യാപനശേഷി കൂടിയ ഒമിക്രോണ്‍ കോവിഡിന്‍റെ പുതു തരംഗത്തിന് കാരണമാകുമെന്ന് പകര്‍ച്ചവ്യാധി വിദഗ്ധയും സാന്‍ ഫ്രാന്‍സിസ്കോ സര്‍വകലാശാല പ്രഫസറുമായ ഡോ. മോണിക്ക ഗാന്ധിയും അഭിപ്രായപ്പെടുന്നു. ന്യൂയോര്‍ക്ക് പ്രദേശത്തെ പുതിയ അണുബാധകളില്‍ 90 ശതമാനത്തിന് മുകളിലും ഒമിക്രോണ്‍ മൂലമാണ്. ആറര ലക്ഷണത്തിലധികം പുതിയ ഒമിക്രോണ്‍ അണുബാധകള്‍ കഴിഞ്ഞയാഴ്ച അമേരിക്കയില്‍ ഉണ്ടായതായി ദേശീയ കണക്കുകൾ സൂചിപ്പിക്കുന്നു. യുകെ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന രോഗവ്യാപനത്തിന് സമാനമായ സ്ഥിതിയാണ് അമേരിക്കയിലെന്നും സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍(സിഡിസി) ഡയറക്ടര്‍ ഡോ. റോഷല്‍ വലന്‍സ്കിയും പറയുന്നു. ഡിസംബര്‍-ജനുവരിയിലെ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ കൂടി കഴിയുന്നതോടെ പല രാജ്യങ്ങളിലും വന്‍ തോതിലുള്ള കോവിഡ് തരംഗങ്ങള്‍ക്കുള്ള സാധ്യതയും ശാസ്ത്രജ്ഞര്‍ പ്രവചിക്കുന്നു.