കൊച്ചി: മെട്രോ റെയിൽവേ സ്റ്റേഷനുകളുമായി ബന്ധപ്പെട്ട് വാടകക്ക് അനുവദിക്കുന്ന ഷോപ്പിങ് സ്പേസുകൾ ലേലത്തിൽ നൽകാനുള്ള നീക്കത്തിൽ സുതാര്യതയില്ലെന്നാരോപിച്ച് ഹൈകോടതിയിൽ ഹരജി. പൊതുജന പങ്കാളിത്തമില്ലാതെ ദുരുദ്ദേശ്യപരമായാണ് ലേലനീക്കമെന്ന് ആരോപിച്ച് ഇടപ്പള്ളി സ്വദേശി കെ.ജെ. അനിൽകുമാറാണ് ഹരജി നൽകിയത്.
വാണിജ്യ സ്ഥലങ്ങൾ ലേലം ചെയ്ത് നൽകുന്നതായി 2023 മാർച്ച് 29നാണ് മെട്രോ റെയിൽ ജനറൽ മാനേജർ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഏപ്രിൽ മൂന്നിനാണ് ലേലമെന്നാണ് അറിയാൻ കഴിഞ്ഞത്. എന്നാൽ, ഇക്കാര്യം വിജ്ഞാപനത്തിലില്ല. ഔദ്യോഗിക വെബ്സൈറ്റിലോ പൊതുജനത്തിന് അറിയാനാവുന്ന വിധത്തിലോ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടില്ല.
ലേലത്തിൽ പങ്കെടുപ്പിക്കാൻ താൻ അപേക്ഷ നൽകിയെങ്കിലും നിലവിൽ മെട്രോ റെയിൽ ഷോപ്പുകളും മറ്റും നടത്താൻ അവകാശം നൽകിയിട്ടുള്ളവർക്ക് മാത്രമേ പങ്കെടുക്കാനാവൂവെന്ന മറുപടിയാണ് ലഭിച്ചത്. പൗരനെന്ന നിലയിൽ ലേലത്തിൽ പങ്കെടുക്കാൻ തനിക്കും അവകാശമുണ്ടെന്നും അനുവദിച്ചില്ലെങ്കിൽ അവകാശ ലംഘനമാണെന്നും ഹരജിക്കാരൻ പറയുന്നു. കോടതി ഇടപെട്ട് വിജ്ഞാപനം റദ്ദാക്കണമെന്നും ലേലനടപടി തടയണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.