കോഴിക്കോട്: താമരശ്ശേരിയിൽനിന്ന് അജ്ഞാതർ തട്ടിക്കൊണ്ടുപോയ പ്രവാസി കുറുന്തോട്ടിക്കണ്ടി മുഹമ്മദ് ഷാഫിയുടെ ഫോൺ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. യുവാവിനെ തട്ടിക്കൊണ്ടുപോയ കാറിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു. ഈ കാറിന്റെ നമ്പർ വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, തട്ടിക്കൊണ്ടുപോയ സംഘത്തിലെ പ്രധാനിയുടെ രേഖാചിത്രം പൊലീസ് ഉടൻ പുറത്തുവിടും. കാറിലുണ്ടായിരുന്ന ഒരാളും ഷാഫിയെ അന്വേഷിച്ച് രണ്ടു ദിവസം മുമ്പ് വീട്ടിലെത്തിയ ആളും ഒരാളാണെന്ന നിഗമനത്തിലാണ് പൊലീസ്. ഇയാളുടെ രേഖാചിത്രം ഷാഫിയുടെ ഭാര്യയുടെ സഹായത്തോടെയാണ് തയാറാക്കുന്നത്.
ദുബൈയിൽ കച്ചവട സ്ഥാപനം നടത്തുകയാണ് ഷാഫി. നാട്ടിൽ എത്തിയിട്ട് ആറുമാസത്തോളമായി. പരപ്പൻപൊയിലിലെ വീട്ടിൽനിന്നാണ് ഷാഫിയെ മുഖംമൂടി ധരിച്ച് ആയുധങ്ങളുമായി കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഭാര്യ സനിയയെയും കാറിൽ കയറ്റിക്കൊണ്ടുപോയെങ്കിലും പിന്നീട് വഴിയിൽ ഇറക്കിവിട്ടു. പിടിവലിക്കിടെ ഗുണ്ടകൾ കൊണ്ടുവന്ന പിസ്റ്റളിന്റെ പൊട്ടിയ ഭാഗങ്ങൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.