കൊല്ലം : സംസ്ഥാനത്തെ ജനകീയ ഹോട്ടലുകൾ കൂടുതൽ മെച്ചപ്പെട്ടനിലയിൽ പ്രവർത്തിപ്പിക്കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ജില്ലയിലെ ജനകീയ ഭക്ഷണശാലകളുടെ പ്രവർത്തനം വിലയിരുത്താൻ നേരിട്ട് സന്ദർശിച്ചശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ജനകീയ ഹോട്ടലുകൾ ആരും പട്ടിണി കിടക്കരുതെന്ന സർക്കാരിന്റെ ദൃഢനിശ്ചയത്തിന്റെ ഫലമാണ്. കുറഞ്ഞ ചെലവിൽ നിലവാരമുറപ്പാക്കിയുള്ള ആഹാരമാണ് ജനകീയ ഭക്ഷണശാലകളിൽ നൽകുന്നത്. ഇവയുടെ പ്രവർത്തനം സുഗമമാക്കുന്നതിന് 30 കോടി രൂപയാണ് അടുത്തിടെ അനുവദിച്ചത്. കോവിഡിന്റെ ഭീഷണി നിലനിൽക്കെ പാവപ്പെട്ടവർക്ക് അന്നംമുട്ടാതെ നൽകുന്ന സംരംഭമെന്ന നിലയ്ക്ക് ആവശ്യമായ പിന്തുണ തുടർന്നും സർക്കാർ ഉറപ്പാക്കും.
മികച്ചനിലയിലാണ് ഹോട്ടലുകളുടെ പ്രവർത്തനമെന്ന് അദ്ദേഹം വിലയിരുത്തി. തദ്ദേശസ്വയംഭരണ സ്ഥാപനഭാരവാഹികളും ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം മൈലം പഞ്ചായത്തിലെ സന്ദർശനത്തിൽ പങ്കെടുത്തു.