കൊൽക്കത്ത: പശ്ചിമബംഗാളിലെ ഹൗറയിൽ രാമനവമിയോടനുബന്ധിച്ചുണ്ടായ അക്രമങ്ങൾ പദ്ധതിയിട്ട് നടപ്പാക്കിയതുപോലെ തോന്നുന്നുണ്ടെന്ന് കൊൽക്കത്ത ഹൈകോടതി. പശ്ചിമ ബംഗാൾ പൊലീസിന്റെ രഹസ്യാന്വേഷണ സംഘം പരാജയപ്പെട്ടുവെന്നും കോടതി നിരീക്ഷിച്ചു.
കല്ലേറുണ്ടായ കേസുകളിലെല്ലാം കല്ലെറിയപ്പെട്ടത് കെട്ടിടങ്ങൾക്ക് മുകളിൽ നിന്നാണ്. 10-15 മിനിട്ടിനുള്ളിൽ കല്ലുകൾ കെട്ടിടങ്ങൾക്ക് മുകളിലെത്തിക്കാൻ ആരെക്കൊണ്ടും സാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അക്രമത്തിൽ എൻ.ഐ.എ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുവേന്ദു അധികാരി നൽകി ഹരജി വിധി പറയാൻ മാറ്റി.
മാർച്ച് 30ന് രാമനവമി ആഘോഷത്തോടനുബന്ധിച്ച് ഹൗറയിൽ വിവിധയിടങ്ങളിൽ ഹിന്ദു -മുസ്‍ലിം കലാപമുണ്ടാവുകയും അതിന്റെ ഭാഗമായി നിരവധി വാഹനങ്ങൾക്ക് തീയിടുകയും ഷോപ്പുകൾ നശിപ്പിക്കുകയും ചെയ്തിരുന്നു. അക്രമസംഭവങ്ങളുടെ വിഡിയോയും പ്രചരിച്ചിരുന്നു.
പൊലീസ് കണ്ണീർവാതകവും പെല്ലറ്റ് ഗണ്ണും ഉപയോഗിച്ച് ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളുമുണ്ട്. അതിനർഥം വൻ അക്രമസംഭവങ്ങൾ അരങ്ങേറിയിട്ടുണ്ടെന്നാണെന്നും കോടതി ചൂണ്ടിക്കാട്ടി.
മത ചടങ്ങുകൾക്കിടെയുള്ള അതിക്രമങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് നാല്, അഞ്ച് മാസത്തിനിടെ സംസ്ഥാനത്ത് ഹൈകോടതിയുടെ എട്ട് വിധികളാണ് വന്നിട്ടുള്ളത്. ഇത് പൊലീസിന്റെ കഴിവില്ലായ്മയോ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പരാജയമോ അതോ, താഴേത്തട്ടിലെ ഉദ്യോഗസ്ഥ തലത്തിലുള്ള വൈകാരിക വേർതിരിവോ? എന്താണിത്? – കോടതി ചോദിച്ചു.
സംസ്ഥാന പൊലീസ് അന്വേഷിക്കുന്നതിനാൽ കേസ് എൻ.ഐ.എക്ക് കൈമാറേണ്ടതില്ലെന്ന് അഡ്വക്കേറ്റ് ജനറൽ എസ്.എൻ. മുഖർജി കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ അക്രമസംഭവങ്ങൾക്കിടെ സ്ഫോടനം നടന്നിട്ടുണ്ടെന്നും ഇത് സ്വാഭാവികമായി എൻ.ഐ.എയുടെ അന്വേഷണ പരിധിയിൽ വരുമെന്നും കേന്ദ്ര സർക്കാറിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ അശോക് കുമാർ പറഞ്ഞു.