പറ്റ്ന : രാമനവമി ദിനത്തിലെ സംഘർഷത്തിന് പിന്നാലെ ബിഹാറിലെ സസാരാമിൽ നടക്കാനിരുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരിപാടി റദ്ദാക്കി. കേന്ദ്രസേനയെ വിന്യസിക്കാമെന്ന് അറിയിച്ചെങ്കിലും സംസ്ഥാന സർക്കാർ സഹകരിച്ചില്ലെന്ന് ബിജെപി കുറ്റപ്പെടുത്തി. എന്നാൽ ബിഹാറിലെ സംഘർഷത്തില്‍ ദുരൂഹതയുണ്ടെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ ആരോപിച്ചു.
രാമനവമി ദിനത്തില്‍ പശ്ചിമബംഗാളിലും ബിഹാറിലും സംഘർഷം ഉണ്ടായ മേഖലകളില്‍ എല്ലാം നിരോധനാജ്ഞ തുടരുകയാണ്. ബംഗാളില്‍ 38 പേരെയാണ് സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത്. ബിഹാറിലെ നളന്ദയില്‍ 27 പേരെയും സസാരാമില്‍ 18 പേരെയും സംഘർഷത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് അമിത് ഷായുടെ നാളത്തെ പരിപാടി റദ്ദാക്കിയത്.
സസാരാമിലെ മൗര്യ ചക്രവർത്തി അശോകന്‍റെ ജന്മവാർഷിക പരിപാടിയിലായിരുന്നു അമിത് ഷാ പങ്കെടുക്കേണ്ടിയിരുന്നത്. നിരോധനാജ്ഞയടക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പരിപാടി റദ്ദാക്കേണ്ടി വന്നതെന്ന് ബിജെപി ബിഹാർ ആധ്യക്ഷന്‍ സമ്രാട്ട് ചൗധരി പറഞ്ഞു. ഗവർണറെ കണ്ട ബിജെപി സംഘം വിഷയത്തില്‍ സംസ്ഥാന സർക്കാരിനോട് റിപ്പോര്‍ട്ട് തേടണമെന്ന് ആവശ്യപ്പെട്ടു.
പിന്നാക്കാരായ കുശ്വാവഹ വിഭാഗത്തിന്‍റെ ശക്തികേന്ദ്രത്തിലെ പരിപാടിയാണ് ഇപ്പോള്‍ മാറ്റിവെച്ചത്. എന്നാല്‍ മവാഡയിലെ പൊതു പരിപാടിയില്‍ അമിത് ഷാ നാളെ പങ്കെടുക്കും. എന്നാൽ പരിപാടി റദ്ദാക്കിയത് ആളില്ലാത്തതിനാലാണെന്നും പ്രദേശിക ഭരണകൂടം അമിത് ഷായുടെ റാലിക്ക് സൗകര്യം ഒരുക്കിയിരുന്നുവെന്നും ജെഡിയു പ്രതികരിച്ചു. അതേസമയം ബിഹാറിലെ സംഘർഷങ്ങളില്‍ അസ്വഭാവിക ഇടപെടലുണ്ടെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ കുമാർ ആരോപിച്ചു.
ബംഗാളിലെ സംഘർഷത്തെ കുറിച്ച് ശക്തമായി പ്രതികരിച്ച ബംഗാള്‍ ഗവർണർ ആനന്ദ്ബോസ് പൊലീസ് കൃത്യമായി ഇടപെടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ക്രമസമാധാന സാഹചര്യത്തെ കുറിച്ച് സംസ്ഥാന ആഭ്യന്തരവകുപ്പില്‍ നിന്ന് വിവരങ്ങള്‍ തേടി ഗവർണർ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് വൈകാതെ കൈമാറും. രാജ്ഭവനോട് സാഹചര്യങ്ങള്‍ നിരീക്ഷിക്കാൻ നിർദേശിച്ച് വർണർ പ്രത്യേക സെല്ലും രൂപികരിച്ചിട്ടുണ്ട്.