തിരുവനന്തപുരം: ഓണം അടുത്തതോടെ സംസ്ഥാനത്ത് അരിവില ഉയർന്നു. അന്യ സംസ്ഥാനങ്ങളിൽനിന്ന് അരി വരവ് കുറഞ്ഞതാണ് വില വർധനവിനു പ്രധാന കാരണമെന്ന് വ്യാപാരികൾ പറയുന്നു. ഓണ കച്ചവടത്തിനായി അരി സംഭരിക്കുന്നതും വിലവർധനവിനു കാരണമായി വിലയിരുത്തപ്പെടുന്നു. വെള്ള ജയ അരിക്കും ജ്യോതി മട്ടയ്ക്കും വില ശരാശരി എട്ടുരൂപയോളം വർധിച്ചതായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. ആന്ധ്ര, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽനിന്നാണ് ഈ വിഭാഗത്തിലെ അരികൾ കേരളത്തിലേക്കെത്തുന്നത്.
ആന്ധ്രയിലെ കർഷകരിൽനിന്ന് സർക്കാർ ന്യായവിലയ്ക്കു നെല്ലു സംഭരണം തുടങ്ങിയതാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. കേരളത്തിന് അരി നൽകുന്ന സംസ്ഥാനങ്ങളിൽനിന്ന് വിദേശ രാജ്യങ്ങളിലേക്കു കയറ്റുമതി വർധിച്ചതും വിലവർധനവിനു ഇടയാക്കി. ജിഎസ്ടി നിരക്ക് വർധിച്ചതും തിരിച്ചടിയായി. ഏപ്രിൽ മാസത്തിൽ കിലോയ്ക്കു 32 രൂപയായിരുന്ന ജയ അരിയുടെ മൊത്ത വില ഇപ്പോൾ ചില ജില്ലകളിൽ 49 രൂപയിലെത്തി. ജ്യോതി അരിയുടെ വില കിലോയ്ക്ക് 39 രൂപയില്‍നിന്ന് 49 രൂപയിലെത്തി. സുരേഖ അരിയുടെ വില 34 രൂപയിൽനിന്ന് 44 രൂപയായി.
എന്നാല്‍, സംസ്ഥാനത്ത് അരിവിലയിൽ കാര്യമായ വർധന ഉണ്ടായിട്ടില്ലെന്നാണ് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് അരിവരവ് കുറഞ്ഞതിനാൽ വില വർധനവിനു സാധ്യതയുണ്ട്. അരിവരവ് കൂടുന്നതോടെ വില കുറയും. പൊതു വിപണിയേക്കാൾ കുറഞ്ഞ നിരക്കിൽ സിവിൽ സപ്ലൈസിൽനിന്ന് അരി ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.