ദുബൈ : അറ്റകുറ്റപ്പണികൾക്കായി ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒരു റൺവേ തിങ്കളാഴ്ച മുതൽ അടച്ചിടും. വ്യോമ ഗതാഗതത്തിന്റെ സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ജൂൺ 22 വരെ നീളുന്ന 45 ദിവസത്തെ അറ്റകുറ്റപ്പണികളാണ് നടത്താനൊരുങ്ങുന്നത്. അവശേഷിക്കുന്ന ഒരു റൺവേയിലൂടെ സർവീസുകൾ നടക്കുമെങ്കിലും നിരവധി വിമാന സർവീസുകൾ പുനഃക്രമീകരിച്ചിട്ടുണ്ട്. ആഴ്ചയിൽ ആയിരത്തിലധികം സർവീസുകൾ പുനഃക്രമീകരിച്ചതായാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ദുബൈയിലെ മറ്റൊരു വിമാനത്താവളമായ ദുബൈ വേൾഡ് സെൻട്രലിലേക്കും ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുമാണ് സർവീസുകൾ മാറ്റിയിരിക്കുന്നത്. റൺവേ അടച്ചിട്ടിരിക്കുന്ന കാലയളവിൽ ദുബൈയിലേക്ക് യാത്ര ചെയ്യുന്നവരും ദുബൈയിൽ നിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് പോകുന്നവരും തങ്ങളുടെ വിമാനങ്ങളുടെ സർവീസ് എവിടേക്കാണ് ക്രമീകരിച്ചിരിക്കുന്നതെന്ന് നേരത്തേ തന്നെ പരിശോധിച്ച് ഉറപ്പുവരുത്തണം.
കേരളത്തിൽ കൊച്ചി കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നുള്ള സർവീസുകൾ പുനഃക്രമീകരിക്കുമെന്ന് ഫ്ലൈ ദുബൈ അറിയിച്ചിട്ടുണ്ട്. ദുബൈയിൽ നിന്ന് ഈ നഗരങ്ങളിലേക്കുള്ള വിമാന സർവീസുകളിലും മാറ്റമുണ്ടാകും. ഇന്ത്യയിൽ ചെന്നൈ, ദില്ലി, ഹൈദരാബാദ്, കൊൽക്കത്ത, ലക്നോ, മുംബൈ, മുംബൈ എന്നിവിടങ്ങളിൽ നിന്ന് ദുബൈയിലേക്കുള്ള സർവീസുകളും മറ്റിടങ്ങളിലേക്ക് ക്രമീകരിക്കും.
അതേസമയം കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, മംഗലാപുരം, തിരിച്ചിറപ്പള്ളി, അമൃത്‍സർ, ജയ്പൂർ, ലക്നോ എന്നിവിടങ്ങളിൽ നിന്ന് ദുബൈയിലേക്കുള്ള സർവീസുകൾ പുനഃക്രമീകരിക്കുമെന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നത്. ദുബൈയിൽ നിന്ന് ഈ നഗരങ്ങളിലേക്കുള്ള സർവീസുകളും പുനഃക്രമീകരിച്ചിട്ടുണ്ട്. പുതുക്കിയ സമയക്രമം ഉൾപ്പെടെയുള്ള വിവരങ്ങൾ http://blog.airindiaexpress.in എന്ന വെബ്സൈറ്റിൽ നിന്ന് ലഭിക്കുമെന്നാണ് കമ്പനിയുടെ അറിയിപ്പ്.