രണ്ടുവര്‍ഷം മുന്‍പ്, കോവിഡ്- 19 പടര്‍ന്നു പിടിച്ചപ്പോള്‍ അടച്ചിട്ട വിഴിഞ്ഞം ലൈറ്റ് ഹൗസ് സഞ്ചാരികള്‍ക്കായി വീണ്ടും തുറന്നതോടെ സഞ്ചാരികള്‍ വീണ്ടും കൂട്ടത്തോടെ എത്തിത്തുടങ്ങി. രാജ്യത്തെ തന്നെ ഏറ്റവും പഴക്കമുള്ള ലൈറ്റ്ഹൗസുകളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന വിഴിഞ്ഞം ലൈറ്റ്ഹൗസ് , എല്ലാ വർഷവും ധാരാളം വിനോദസഞ്ചാരികൾ സന്ദർശിക്കുന്ന ഇടങ്ങളില്‍ ഒന്നാണ്.
ഇക്കഴിഞ്ഞ മെയ് ഒന്നിനാണ് ലൈറ്റ് ഹൗസ് വീണ്ടും തുറന്നത്.
ആദ്യ ദിവസം തന്നെ, സന്ദർശകരുടെ നീണ്ട ക്യൂവാണ് ഉണ്ടായിരുന്നത്. കോവളം ബീച്ചിനരികിലായതിനാല്‍ സഞ്ചാരികള്‍ക്ക് ഇവിടേക്ക് എത്തിച്ചേരാന്‍ എളുപ്പമാണ്. തിരുവനന്തപുരം നഗരത്തിന്‍റെ മനോഹരമായ കാഴ്ചകള്‍ ഇവിടെ നിന്നും നോക്കിയാല്‍ കാണാം.കോവളത്തെ മനോഹരമായ ലൈറ്റ് ഹൗസ് ബീച്ച്, എടക്കല്ലു പാറക്കൂട്ടങ്ങൾ, ഈവ്സ് ബീച്ച് അഥവാ ഹവാ ബീച്ച് എന്നിവയുടെ മനോഹരമായ കാഴ്ചകൾ ഇതിൽ ഉൾപ്പെടുന്നു.
നിലവിൽ കുറച്ച് പേർക്ക് മാത്രമേ ലൈറ്റ് ഹൗസിനുള്ളിൽ കയറാൻ അനുവാദമുള്ളൂ. രാവിലെ 10 മുതൽ 12.45 വരെയും ഉച്ചയ്ക്ക് 2 മുതൽ 5.45 വരെയുമാണ് സന്ദര്‍ശകര്‍ക്ക് അനുവദിച്ചിട്ടുള്ള സമയം. തിങ്കളാഴ്ച ദിനങ്ങളില്‍ ലൈറ്റ്ഹൗസ് അവധിയായിരിക്കും.
1972 ജൂൺ 30- നാണ് വിഴിഞ്ഞം ലൈറ്റ്ഹൗസ് പ്രവർത്തനമാരംഭിച്ചത്. സിലിണ്ടർ ആകൃതിയിലുള്ള 36 മീറ്റർ ഉയരമുള്ള സ്തംഭമാണ് ലൈറ്റ്ഹൗസിനുള്ളത്. ചുവപ്പും വെളുപ്പും വലയങ്ങളായി ഇതിനുമുകളില്‍ ചായം പൂശിയിരിക്കുന്നു. മെറ്റൽ ഹാലൈഡ് ദീപവും ഡയറക്റ്റ് ഡ്രൈവ് മെക്കാനിസവുമാണ് ഇവിടെയുള്ളത്. 2003 ഏപ്രിൽ 30-ന് ലൈറ്റ്ഹൗസിന്‍റെ പ്രകാശസ്രോതസ്സിൽ മാറ്റം വരുത്തിയിരുന്നു.